'ചർച്ച് ആക്ട് മാത്രമല്ല ചർച്ച് ബോർഡും നടപ്പാക്കാൻ ബിജെപിക്ക് പദ്ധതി'; സുരേഷ് ഗോപി ബന്ധപ്പെട്ടുവെന്ന് ഷൈജു ആന്‍റണി
''എന്തിനാണ് കത്തോലിക്കാ സഭയുടെ സ്വത്തുക്കളുടെ കണക്കെടുക്കുന്നത്. അവരെന്തിന് കണക്കെടുക്കണം?''

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ ചർച്ച് ആക്ട് മാത്രമല്ല ചർച്ച് ബോർഡും നടപ്പാക്കാൻ ബിജെപി നീക്കം. വര്‍ഷങ്ങൾക്ക് മുൻപെ ഇതിന്‍റെ ചര്‍ച്ചകളും പഠനങ്ങളും ആരംഭിച്ചുകഴിഞ്ഞതായി അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്‍റണിയുടെ വെളിപ്പെടുത്തൽ. ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ള ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കവെ ഷൈജു വ്യക്തമാക്കി.
''എന്തിനാണ് കത്തോലിക്കാ സഭയുടെ സ്വത്തുക്കളുടെ കണക്കെടുക്കുന്നത്. അവരെന്തിന് കണക്കെടുക്കണം? അവര്‍ക്ക് ഈ കണക്ക് കൊണ്ട് എന്തുചെയ്യാനാണ്? അവര്‍ ആരാണ് കണക്കെടുക്കാൻ? ഈ കണക്കെടുപ്പിന് കൃത്യമായ ഉദ്ദേശ്യമുണ്ട്. വര്‍ഷങ്ങൾക്ക് മുന്‍പെ കേരളത്തിൽ ഈ കണക്കെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. പല ബിജെപി നേതാക്കളും എന്നോട് സംസാരിച്ചിരുന്നു. അവര്‍ കണക്കെടുത്തിട്ടുണ്ട്. അവര്‍ എന്നോട് ചര്‍ച്ച് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടു. അതുകഴിഞ്ഞിട്ടാണ് അവര്‍ക്ക് മനസിലായത് ഈ ചര്‍ച്ച് ആക്ട് ഇടവകകളുടെ സ്വത്തുക്കൾ ജനാധിപത്യപരമായി ഭരിക്കുന്നതിനെക്കുറിച്ച് മാത്രം വ്യവസ്ഥ ചെയ്യുന്ന ഒന്നാണ്. ആ സ്വത്തുക്കൾക്ക് പുറമെ രൂപതകൾക്ക് കോൺഗ്രിഗേഷനുകൾക്ക് അല്ലെങ്കിൽ മറ്റ് സംവിധാനങ്ങൾക്ക് അനവധി സ്വത്തുക്കളുണ്ട്. ഇടവകകളുടെ സ്വത്തുക്കൾ വളരെ പരിമിതമാണ്. ബാക്കി സ്വത്തുക്കളും കൂടി അകത്തേക്ക് കൊണ്ടുവരണമെങ്കിൽ ഒരു ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കണം. അങ്ങനെയൊരു ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കിയാൽ ആ ചര്‍ച്ച് ബോര്‍ഡിനകത്ത് അത് സര്‍ക്കാരിന്‍റെ കീഴിലുള്ള ബോര്‍ഡാണെങ്കിൽ ഇപ്പോൾ വഖഫ് ബോര്‍ഡിനകത്ത് അമുസ്‍ലിംകളെ ബോര്‍ഡിനകത്ത് വയ്ക്കണമെന്ന് പറഞ്ഞതുപോലെ ആ ചര്‍ച്ച് ബോര്‍ഡിൽ ഇവര്‍ക്ക് ആളുകളെ വയ്ക്കാം.
സുരേഷ് ഗോപി ഞാനുമായി സംസാരിച്ചിട്ടുണ്ട്. സുരേഷ് ഗോപി ചര്‍ച്ച് ആക്ടിനു വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനെ പോയി കണ്ടിട്ടുണ്ട്. ഈ ആക്ട് എത്രയും പെട്ടെന്ന് നടപ്പാക്കാൻ പറ്റുമോ എന്താണ് അതിന്‍റെ നടപടിക്രമങ്ങൾ,സങ്കീര്‍ണതകൾ എന്തൊക്കെയാണെന്ന് പഠിക്കാൻ വേണ്ടിയായിരുന്നു അത്. അവരെത്രെ നാള് മുന്‍പ് തന്നെ ഇത് പഠിച്ചുതുടങ്ങിയിരിക്കുന്നു. എല്ലാം വ്യക്തമാണ്. കൃത്യമായ സമയത്ത് തന്നെ ഇത് നടപ്പാക്കുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. എനിക്കതിൽ ഒരു സംശയവുമില്ല. കാരണം ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഒരു വട്ടമല്ല, പലവട്ടം സംസാരിച്ചിട്ടുണ്ട്. യൂണിഫോം സിവിൽകോഡുമായി ബന്ധപ്പെട്ട രീതിയിൽ ചര്‍ച്ചിനെക്കൂടി നിയന്ത്രിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും. അതിനുവേണ്ടി പലരും പഠനങ്ങൾ നടത്തുന്നുണ്ടെന്ന് സുരേഷ് ഗോപി എന്നോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിവിധ കാര്യങ്ങൾ സംസാരിച്ചതാണ്. സഭയുടെ സ്വത്തുക്കൾ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നതിന് ഞങ്ങൾക്ക് പിന്തുണക്കാനാവില്ലെന്ന് അന്ന് കൃത്യമായി പറഞ്ഞിരുന്നു. കാരണം അത് ഞങ്ങളുടെ കൂടി വിയര്‍പ്പിന്‍റെ ഭാഗമാണ്. സഭയിലെ പുഴുക്കുത്തുക്കളുമായി ഞങ്ങൾക്ക് പല വിധത്തിലുമുള്ള വിയോജിപ്പുകളുണ്ടാകാം. എന്നാല്‍ സഭയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളോ സംവിധാനമോ കൊണ്ടുവന്ന് നിയന്ത്രിക്കുന്നതിനോട് അനുകൂലിക്കാൻ കഴിയില്ലെന്നും ഷൈജു ആന്‍റണി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

