Quantcast

ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ വിവാദം അനാവശ്യം; പിന്നിൽ ​ഗൂഢാലോചനയെന്ന് പി.വി ശ്രീനിജിൻ എംഎൽഎ

പിന്നീട് കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കി താൻ തന്നെയാണ് സെക്യൂരിറ്റിയെ കൊണ്ട് ഗേറ്റ് തുറന്നുനൽകിയതെന്നും എംഎൽഎ അവകാശപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-05-22 16:38:27.0

Published:

22 May 2023 2:06 PM GMT

Kerala state sports council against PV Sreenijin MLA in disruption of Kerala Blasters selection trials, Kerala Blasters selection trials controversy, PV Sreenijin MLA, Kerala Blasters selection trials, Kerala Blasters
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയലുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ ന്യായീകരിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി ശ്രീനിജിൻ എംഎൽഎ. ഇന്നുണ്ടായത് അനാവശ്യ വിവാദമാണെന്ന് എംഎൽഎ പ്രതികരിച്ചു.

മത്സരം നടക്കുന്നതായി ബ്ലാസ്റ്റേഴ്സിൽ നിന്നോ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നോ വിവരം ലഭിച്ചിട്ടില്ല. അനുമതി തേടാത്തതുകൊണ്ടാണ് ഗ്രൗണ്ട് തുറന്ന് നൽകാതിരുന്നത്.

ജില്ലാ സ്പോർട്സ് കൗൺസിലിനാണ് കുടിശിക നൽകാനുള്ളത്. കുടിശിക തീർക്കാൻ തയ്യാറായില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും പി.വി ശ്രീനിജിൻ മീഡിയവണിനോട് പറഞ്ഞു.

ഇതിനു പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ട്. അല്ലായിരുന്നെങ്കിൽ ഇത് രമ്യമായി പരിഹരിച്ചുപോവേണ്ട കാര്യമായിരുന്നു. വാടക കുടിശിക അവർ തരാനുണ്ട്. അത് ചൂണ്ടിക്കാട്ടിയുള്ള കത്ത് കൗൺസിൽ നൽകിയിരുന്നു. കുടിശിക നൽകാനുള്ള വൈമനസ്യം കൊണ്ടാണ് ഇത്തരത്തിൽ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു മാധ്യമവേട്ട തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് കൃത്യമായി ഇതിൽ ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. സർക്കാരിലേക്ക് കൊടുക്കാനുള്ള പണം കൊടുക്കാതെ തങ്ങളുടെ തൽപരകക്ഷികളെ ഉപയോഗിച്ച് എന്തുമാവാമെന്ന ചിന്ത നല്ലതല്ലെന്നും എംഎൽഎ വിശദമാക്കി.

എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കൂടി തങ്ങളേറ്റെടുക്കേണ്ടിവരും എന്നതുകൊണ്ടാണ് അനുമതി നൽകാതിരുന്നത്. പിന്നീട് കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കി താൻ തന്നെയാണ് സെക്യൂരിറ്റിയെ കൊണ്ട് ഗേറ്റ് തുറന്നുനൽകിയതെന്നും എംഎൽഎ അവകാശപ്പെട്ടു.

തങ്ങൾക്കൊരു കുടിശികയും കേരള ബ്ലാസ്റ്റേഴ്‌സ് നൽകാനില്ലെന്ന് സ്‌പോർട്‌സ് കൗൺസിൽ പറഞ്ഞിരുന്നു. എന്നാൽ ജില്ലാ കൗൺസിലിനാണ് പണം നൽകാനുള്ളതെന്നാണ് എംഎൽഎയുടെ വാദം. നൂറുക്കണക്കിന് കുട്ടികളെ പൊരിവെയിലത്ത് നിർത്തിയ ​ഗേറ്റ് പൂട്ടിയ എംഎൽഎയുടെ നടപടി വൻ പ്രതിഷേധത്തിനും വിമർശനത്തിനും വഴിവച്ചിരുന്നു.

Read Also'വാടകക്കുടിശ്ശിക ഇല്ല, ബ്ലാസ്റ്റേഴ്‌സ് ട്രയൽ തടഞ്ഞതിൽ പങ്കില്ല'; എം.എൽ.എയെ തള്ളി സ്‌പോർട്‌സ് കൗൺസിൽ



TAGS :

Next Story