ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; മധ്യമേഖല ജയിൽ ഡിഐജി ചട്ടലംഘനം നടത്തി
ബോബിയുടെ രണ്ട് സുഹൃത്തുക്കൾ ഡിഐജി അജയകുമാറിനൊപ്പം ജയിലിൽ എത്തിയെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

കൊച്ചി: ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക പരിഗണന നൽകിയതിൽ മധ്യ മേഖല ജയിൽ ഡിഐജി ചട്ടലംഘനം നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ബോബിയുടെ രണ്ട് സുഹൃത്തുക്കൾ ഡിഐജി അജയകുമാറിനൊപ്പം ജയിലിൽ എത്തി. ഇവർ വിഐപികൾ അല്ല. ഡിഐജിയുടെ ബന്ധുക്കളും ജയിലിനകത്തേക്ക് കയറി. ഡിഐജി, ബോബിയെ കണ്ടത് സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് എഡിജിപിക്ക് കൈമാറി.
അജയകുമാർ ബോബിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്‌തു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് സ്പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷണ റിപ്പോർട് ആവശ്യപ്പെട്ടത്. ഡിവൈഎസ്‌പി തയ്യാറാക്കിയ റിപ്പോർട്ട് എസ്‌പി മുഖേന എഡിജിപിക്ക് കൈമാറി.
വെള്ളിയാഴ്‌ച ഗുരുവായൂർ ദർശനം കഴിഞ്ഞെത്തിയ ബന്ധുക്കൾക്കൊപ്പം സ്വകാര്യ വാഹനത്തിൽ ഡിഐജി അജയകുമാർ ജയിലിലേക്ക് എത്തി. ശേഷം ബന്ധുക്കളെയടക്കം അകത്തേക്ക് പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കൾ സ്ഥലത്തെത്തുന്നത്. ഇവർക്കും അകത്ത് പ്രവേശിക്കാനുള്ള അവസരം ഡിഐജി ഒരുക്കി. ഇവരിൽ ആരുടേയും പേര് സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16