'തലയ്ക്കടിച്ച് കൊന്നശേഷം കഴുത്തിൽ കുരുക്കിട്ട് പുറത്തെത്തിച്ചു': കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേതെന്ന് പൊലീസ്
വീടിനകത്ത് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി

എറണാകുളം: കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽകെട്ടിയ നിലയിൽസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോർജ് കുറ്റം സമ്മതിച്ചു. തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുലർച്ചെ ആറര മണിക്ക് ഹരിത കർമ്മ സേനാംഗങ്ങൾ ആണ് പാതി ചാക്കിൽ പൊതിഞ്ഞും, അരക്ക് താഴെ വിവസ്ത്രയുമായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് വീട്ടു ജോർജ് എന്ന ആളും മദ്യലഹരിയിൽ കാണപ്പെട്ടു. കൗൺസിലർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ലൈംഗിക തൊഴിലാളിയെ പിന്നീട് പണത്തിന്റെ പേരിൽ തർക്കം വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.
വീടിനകത്ത് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
Adjust Story Font
16

