Quantcast

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തില്ല: കൊച്ചി മേയർ

കമ്പനി പൂർണമായും പരാജയപ്പെട്ടുവെന്ന് തെളിഞ്ഞാൽ മാത്രമേ കരാർ റദ്ദാക്കുകയുള്ളൂവെന്നും രാഷ്ട്രീയ ബഹളം കണ്ട് നടപടി സ്വീകരിച്ചാൽ അത് കമ്പനിയെ സഹായിക്കലാകുമെന്നും മേയർ

MediaOne Logo

Web Desk

  • Updated:

    2023-03-13 07:22:55.0

Published:

13 March 2023 6:31 AM GMT

Brahmapuram, waste management contract company,  blacklisted, Kochi mayor,
X

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കരാറെടുത്ത സോണ്ട കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കൊച്ചി മേയർ എം.അനിൽകുമാർ. കമ്പനി പൂർണമായും പരാജയപ്പെട്ടുവെന്ന് തെളിഞ്ഞാൽ മാത്രമേ കരാർ റദ്ദാക്കുകയുള്ളൂവെന്നും രാഷ്ട്രീയ ബഹളം കണ്ട് നടപടി സ്വീകരിച്ചാൽ അത് കമ്പനിയെ സഹായിക്കലാകുമെന്നും മേയർ. ഏപ്രിൽ ഒന്നുമുതൽ ജനകീയ പങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരത്ത് പുക അണക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്ന് എറണാകുളം കലക്ടർ അറിയിച്ചു. വായുവിൻറെ ഗുണനിലവാര സൂചിക രണ്ട് ദിവസത്തിനകം സാധാരണ നിലയിലേക്കെത്തുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ക്ലീൻകേരളയുമായി ചർച്ച നടക്കുകയാണ്, ശാസ്ത്രീയമായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും കലക്ടർ അറിയിച്ചു.

അതേസമയം സർക്കാരിനെതിരെ പ്ലക്കാർഡുമായി നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കൊച്ചിയെ കൊല്ലരുത്, കേരളത്തിന് സർക്കാരുണ്ടോ, കൊച്ചി കോർപ്പറേഷന് നാഥൻ ഉണ്ടോ എന്നീ ചോദ്യങ്ങളാണ് പ്ലക്കാർഡുകളിലൂടെ പ്രതിപക്ഷം ചോദിക്കുന്നത്. ബ്രഹ്മപുരത്ത് അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി.ജെ വിനോദാണ് നോട്ടീസ് നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയത് മൂലം മാരകമായ വിഷവാതകം അന്തരീക്ഷത്തിൽ കലർന്നിട്ടുണ്ട്. അതിനാൽ ഈ ഗുരുതര പ്രശ്നം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

തീപിടിത്തം നിയന്ത്രിക്കുന്നതിലും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും ഇന്ന് നിയമസഭയിൽ നടക്കും. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയും പുകയും പൂർണമായും അണച്ചെന്ന് സർക്കാർ അറിയിച്ചു. മറ്റൊരു ബ്രഹ്മപുരം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കർമ്മപദ്ധതി നടപ്പാക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്ലാന്റിൽ തീപിടിച്ച് പന്ത്രണ്ടാം ദിവസമാണ് കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലേക്കെത്തുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. വിവാദങ്ങൾക്കിടെ കൊച്ചി കോർപറേഷന്റെ കൗൺസിൽ യോഗം ഇന്ന് ചേരും. തീ പിടിത്തത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെടും.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് നിലവിൽ ഏർപ്പാടാക്കിയിട്ടുള്ളത്. നാളെ മുതൽ അഞ്ച് മൊബൈൽ യൂണിറ്റുകൾ സേവനം നടത്തും. ആരോഗ്യമുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം അവധി നൽകിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിനുമായാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കിയത്. ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന പ്രദേശങ്ങളിലാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരായിരിക്കും മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഉണ്ടാകുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റ് വഴി നൽകും.

TAGS :

Next Story