Quantcast

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അഡ്വ.സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്തേക്കും

കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക

MediaOne Logo

Web Desk

  • Updated:

    2023-01-25 01:04:15.0

Published:

25 Jan 2023 1:03 AM GMT

saiby jose kidangoor
X

അഡ്വ.സൈബി ജോസ് കിടങ്ങൂര്‍

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂരിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഫുൾകോർട്ട് ചേർന്നാണ് പൊലീസ് അന്വേഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകിയത്. പ്രാഥമിക അന്വേഷണം നടത്തുന്ന കൊച്ചി സിറ്റി പൊലീസ് കഴിഞ്ഞ ദിവസം കോഴ നൽകിയ സിനിമ നിർമാതാവിന്‍റെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറും. അഭിഭാഷകൻ കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് ഹൈക്കോടതി വിജിലൻസിന്‍റെ കണ്ടെത്തൽ. അന്വേഷണം തുടരുന്നതിനാൽ ജഡ്ജിമാർ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ നിന്നുൾപ്പെടെ സൈബി ജോസ് വിട്ടുനിൽക്കും.

മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ട്. സൈബിക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശിപാർശ ചെയ്തു.ജസ്റ്റിസ് മാരായ സിയാദ് റഹ്മാൻ, മുഹമ്മദ് മുഷ്താഖ്, പി.വി.കുഞ്ഞികൃഷ്ണൻ എന്നിവരുടെ പേരിൽ സൈബി കൈക്കൂലി കൈപ്പറ്റി എന്നാണ് ഹൈക്കോടതി വിജിലൻസിന്‍റെ കണ്ടെത്തൽ. 72 ലക്ഷം രൂപ ജഡ്ജിമാരുടെ പേരിൽ കൈപ്പറ്റിയെന്ന് നാല് അഭിഭാഷകർ വിജിലൻസിന് മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപയാണ് വാങ്ങിയത്. സിനിമാ താരങ്ങളും നിർമാതാക്കളുമാണ് സൈബിയുടെ പ്രധാനകക്ഷികൾ.



എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിൽ നിന്ന് 25 ലക്ഷം രൂപയാണ് സൈബി വാങ്ങിയത്. 15 ലക്ഷം ഫീസ് ഇനത്തിൽ പറഞ്ഞിരുന്നു, ഇതിൽ 5 ലക്ഷം കുറക്കാൻ ആകുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞുവെന്നാണ് മൊഴി. സൈബി ആഡംബര ജീവിതം നയിക്കുന്ന ആളാണെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിലുണ്ട്. കോഴ വാങ്ങിയതിന് തെളിവ് ഉള്ളതിനാൽ സൈബിക്കെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള ശിപാർശയും വിജിലൻസ് നൽകി കഴിഞ്ഞു.



അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശിപാർശ ചെയ്യാമെന്നും ഹൈക്കോർട്ട് വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഫുൾ കോർട്ടിന്‍റെ ശിപാർശയിൽ സൈബി ജോസിനെതിരെ നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഡി.ജി.പിയുടെ നിർദേശ പ്രകാരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം നടത്തുന്നത്.

TAGS :

Next Story