Quantcast

'ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കൾ'; ഗ്യാൻവാപിയുടെ സ്വഭാവം മാറ്റാനാകില്ലെന്ന് ഹകീം അസ്ഹരി

''ധർമശാല, ധർമടം ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങളിൽ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്. ശൈവരുടെയും വൈശ്യരുടെയും താഴ്ന്ന ജാതിക്കാരുടെയും പല മതക്കാരുടെയും ആരാധനാലയങ്ങളായെല്ലാം അതു മാറിയിട്ടുണ്ട്.''

MediaOne Logo

Web Desk

  • Updated:

    2024-02-03 09:51:26.0

Published:

3 Feb 2024 9:49 AM GMT

ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കൾ; ഗ്യാൻവാപിയുടെ സ്വഭാവം മാറ്റാനാകില്ലെന്ന് ഹകീം അസ്ഹരി
X

കോഴിക്കോട്: ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കളാണെന്ന് സമസ്ത എ.പി വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി. ഒരുപാട് സ്ഥലങ്ങളിൽ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണു ക്ഷേത്രമായി മാറിയത്. ഭൂമി ഇളക്കി പരിശോധിച്ചാൽ പലതും കിട്ടും. എന്നാൽ, നിലവിലുള്ള ഒരു ആരാധനാലയവും 1947ലെ അവസ്ഥയ്ക്കു മാറ്റംവരുത്താൻ പാടില്ലെന്നാണ് 1991ലെ നിയമം പറയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഗ്യാൻവാപി മസ്ജിദിന്റെ സ്വഭാവവും മാറ്റാൻ കോടതിക്കു സാധിക്കില്ലെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''17-ാം നൂറ്റാണ്ടിൽ ഔറംഗസേബ് ആണ് ഗ്യാൻവാപി പള്ളിയുണ്ടാക്കിയത്. 1991ലെ ആരാധനാലയ നിയമം അനുസരിച്ച് 1974നുശേഷമുള്ള ഒരു ആരാധനാലയത്തിന്റെ സ്വഭാവവും മാറ്റാൻ പാടില്ല. ഗുരുവായൂരും ശബരിമലയുമെല്ലാം ഉൾപ്പെടെ.''-അദ്ദേഹം ചൂണ്ടിക്കാട്ടി.

''ശബരിമല ഇന്ന് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത്. അതു ബുദ്ധവിഹാരമാണ്. ധർമശാല, ധർമടം ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങളിൽ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്. ശൈവരുടെയും വൈശ്യരുടെയും താഴ്ന്ന ജാതിക്കാരുടെയും പല മതക്കാരുടെയും ആരാധനാലയങ്ങളായെല്ലാം അതു മാറിയിട്ടുണ്ട്.

ഭൂമി ഇളക്കി പരിശോധിച്ചാൽ അവിടെ അമ്മിയും അമ്മിക്കുട്ടിയും കലവും ചട്ടിയും പാത്രങ്ങളും അരിവാളും പഴയ ആയുധങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം കിട്ടും. ചിലതൊക്കെ കാണുമ്പോൾ ചിലരൊക്കെ ആരാധിക്കുന്ന വസ്തുക്കളെപ്പോലെ തോന്നും.''

പിടിയില്ലാത്ത അരിവാൾ കിട്ടിയാൽ അതൊരു ചന്ദ്രക്കലയായിരുന്നു, മുസ്‌ലിംകളുടെ ആരാധനാലയമാണെന്നൊക്കെ പറഞ്ഞുവരാം. അതിനാലാണ് നിലവിലുള്ള ഒരു ആരാധനാലയത്തിന്റെയും 1947ലെ അവസ്ഥയ്ക്കു മാറ്റംവരുത്താൻ പാടില്ലെന്ന് 1991ൽ നിയമംകൊണ്ടുവന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഗ്യാൻവാപി മസ്ജിദ് പള്ളിയുടെ സ്വഭാവത്തിൽനിന്നു മാറ്റാൻ കോടതിക്കു സാധിക്കില്ലെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.

അപ്പോഴാണു പുതിയൊരു തന്ത്രമെടുത്ത് ശൈവസമുദായത്തിൽനിന്നുള്ള എതിർവിഭാഗം വരുന്നത്. അവർ ആരാധിക്കുന്ന ശിവലിംഗം ഇവിടെയുണ്ടെന്നും പണ്ടിവിടെ ശൈവർ ആരാധിച്ചിരുന്നുവെന്നുമാണ് അവർ വാദിക്കുന്നത്. ശൈവർ ആരാധിച്ചിരുന്ന സ്ഥലമായതുകൊണ്ട് അവർക്കുകൂടി കൊടുക്കണമെന്നും പണ്ടൊക്കെ ചില സ്ഥലങ്ങളിൽ ബഹുമത ആരാധന നടന്ന സ്ഥലങ്ങളുണ്ടെന്നും വാദിക്കുന്നു. അതിന്റെ ഘടന പേർഷ്യൻ, താഷ്‌കന്റ്, സമർഖന്ദ് മാതൃകയല്ല, ഇന്ത്യൻ മാതൃകയാണെന്നും പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഔറംഗസേബും മുഗൾ രാജാക്കന്മാരും അന്നത്തെ വാസ്തുകലയിൽ ഇന്ത്യൻ രീതി കൂടി സ്വീകരിച്ചു സൃഷ്ടിച്ചതാണ് ഇന്ത്യൻ മാതൃക. അവർ ഇന്ത്യക്കാരായി മാറാനാണ് ആഗ്രഹിച്ചത്. ബ്രിട്ടീഷുകാർ വന്നപ്പോൾ ഇവിടത്തെ നിധികളും ധാതുക്കളും വിഭവങ്ങളും അവരുടെ ആവശ്യത്തിനു വേണ്ടി കടത്തിക്കൊണ്ടുപോയി. അവരുടെ നാട്ടിലുള്ള വസ്തുക്കൾ ഇവിടെ വിൽപന നടത്തി ലാഭം തങ്ങളുടെ നാട്ടിലെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മുസ്‌ലിം രാജാക്കന്മാർ വന്നപ്പോൾ ഈ നാട്ടുകാരായി മാറുകയും ഈ നാടിനെ വളർത്തുകയും ഇവിടത്തന്നെ നിലകൊള്ളുകയുമാണു ചെയ്തത്.

ഗ്യാൻവാപിയുടെ വാസ്തുകല ഇന്ത്യൻ ശൈലിയിലുള്ളതാണ്. പക്ഷെ, അതിനു മിനാരവും താഴികക്കുടവും മിഹ്‌റാബുമെല്ലാമുണ്ട്. അതു മസ്ജിദാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കോടതിക്കും പറയാനാകില്ല. പറഞ്ഞിട്ടുമില്ല. അതുകൊണ്ട് ഉടമസ്ഥാവകാശം ഒരിക്കലും മാറുന്നില്ല.''

അവിടെയാണു ബഹുമത രീതിയുണ്ടെന്നു വാദിച്ച് താത്ക്കാലികമായി ഒരു ജില്ലാ ജഡ്ജിയിൽനിന്ന് അനുകൂലമായ വിധി വാങ്ങിയത്. മേൽക്കോടതി അതു തള്ളിക്കളയുമെന്നു തന്നെയാണു മനസിലാക്കേണ്ടത്. നിയമപരമായി ആ വിഷയത്തെ നേരിടുകയെന്നത് ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമ്മുടെ ബാധ്യതയാണ്. അതിനു നാം മുന്നിൽനിൽക്കേണ്ടതുണ്ടെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

മറ്റു പല കാര്യങ്ങളും മറച്ചുവയ്ക്കാനായി, സാധാരണക്കാരുടെ ചിന്തയും ആലോചനയും തിരിച്ചുവിടാൻ വേണ്ടിയുണ്ടാക്കുന്ന ഒരു കാര്യം മാത്രമാണിത്. ഒരു പന്ത് എറിഞ്ഞുകൊടുത്താൽ അതിനു പിന്നാലെ ആളുകൾ കളിക്കാനിറങ്ങുമെന്നും ആ സമയത്ത് നമ്മുടെ കാര്യങ്ങൾ ഒപ്പിച്ചുകളയാമെന്നും വിചാരിക്കുന്നവരാണവർ. ജനാധിപത്യ വിശ്വാസികളായ മുസ്‌ലിം സമുദായം ഇതിനെ വൈകാരികമായി നേരിടില്ല. അതിനു പിന്നാലെ പോകുന്ന പ്രശ്‌നമില്ല. അതിനു നിശ്ചയിക്കപ്പെട്ട ആളുകൾ വ്യക്തമായി വേണ്ടതു ചെയ്തുകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

നമുക്ക് ഈ രാജ്യത്തെ നന്മയ്ക്കായും വിദ്യാഭ്യാസപരമായി രാജ്യത്തെ ഉയർത്തുന്നതും ആരോഗ്യവിഷയത്തിൽ നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാട് നീക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതും ഉൾപ്പെടെയുള്ള നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്. ഔറംഗസേബിന്റെ കാലത്തെ ഇന്ത്യ പോലെ ഈ രാജ്യത്തെ അതിസമ്പന്നമായ രാജ്യമായി ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുന്നതിനു നമ്മൾ പ്രതിജ്ഞാബദ്ധമാണെന്നും അതിനു നാനാമതസ്ഥരായ, സർവചിന്താഗതിക്കാരായ ആളുകളും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും അബ്ദുൽ ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു.

Summary: 'Sabarimala that is a Buddhist temple, is now used by Hindus'; Abdul Hakkim Azhari says that the court cannot change the character of Gyanvapi Mosque

TAGS :

Next Story