ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-30 06:58:50.0

Published:

30 Nov 2022 6:57 AM GMT

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
X

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സമാനസ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന കരട് ബിൽ നിയമവകുപ്പ് തയ്യാറാക്കി മന്ത്രിസഭ യോഗത്തിന് സമർപ്പിച്ചിരിന്നു. ഇതിനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. ആർട്‌സ് ആന്റ് സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർ ഉണ്ടാകും. ഒരു ബിൽ പാസാാക്കുമ്പോൾ സർക്കാരിന് അധികസാമ്പത്തിക ബാധ്യത വരുമെങ്കിൽ അത് നിയമസഭയിൽ കൊണ്ടുവരും മുൻപ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഈ സാഹചര്യം സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും. അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൻറെ ആദ്യദിവസങ്ങളിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ബിൽ നിയമസഭയിൽ വരുമ്പോൾ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി സർക്കാർ തേടിയേക്കും. എന്നാൽ സർക്കാർ തീരുമാനത്തിൽ കോൺഗ്രസിന് വിയോജിപ്പ് ഉള്ളത് കൊണ്ട് ബിൽ ഐകകണ്‌ഠേന പാസാകാൻ സാധ്യതയില്ല. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.നിയമസഭ പാസാക്കുന്ന ബില്ലുകളിൽ എത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് നിബന്ധന ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി .

TAGS :

Next Story