Quantcast

'കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകർ, പ്രതികരിക്കാനില്ല'; അധിക്ഷേപിച്ച് ഗവർണർ

യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ

MediaOne Logo

Web Desk

  • Updated:

    2022-10-24 08:36:55.0

Published:

24 Oct 2022 8:29 AM GMT

കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകർ, പ്രതികരിക്കാനില്ല; അധിക്ഷേപിച്ച് ഗവർണർ
X

തിരുവനന്തപുരം: വിസിമാരുടെ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ഗവർണറുടെ ആക്ഷേപം. കേഡറുമാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.

നിങ്ങളുടെ കൂട്ടത്തിൽ ആരാണ് ശരിയായ മാധ്യമപ്രവർത്തകൻ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനു മുന്നിൽ കഴിഞ്ഞ മാസം നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം കേരളത്തിലെ മാധ്യമങ്ങളോട് ഗവർണർ ഇതുവരെ കാര്യമായ പ്രതികരണങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചാൻസലർ പദവി എടുത്തു മാറ്റുന്നതിൽ എൽ.ഡി.എഫിൽ സജീവ ചർച്ച നടക്കുകയാണ്. വി.സിമാരോട് രാജിയാവശ്യപ്പെട്ട് ഗവർണർ നടത്തിയ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചാൻസലർ പദവി എടുത്തു കളയാനുള്ള ചർച്ച എൽ.ഡി.എഫിൽ നടക്കുന്നത്. ഗവർണറിൽ നിന്ന് ചാൻസലർ പദവി മാറ്റുന്നത് പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഗവർണറുടെ ചാൻസലർ പദവി എടുത്തു കളയേണ്ടി വരുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുന്നത്.

വി.സിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമനാധികാരി ഗവർണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നീതിയും നിയമവും നിഷ്‌കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.സിമാർ രാജിവെച്ചില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്ന് രാജ്ഭവൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.


TAGS :

Next Story