Quantcast

കോഴിക്കോട് വിമാനത്താവളത്തില്‍ കോവിഡ് പോസിറ്റീവ്, കൊച്ചിയിലെത്തിയപ്പോള്‍ നെഗറ്റീവ്; നിലവാരമില്ലാത്ത മെഷീനുകള്‍ ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ?

എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് റിസല്‍റ്റ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Feb 2022 4:43 AM GMT

കോഴിക്കോട് വിമാനത്താവളത്തില്‍ കോവിഡ് പോസിറ്റീവ്, കൊച്ചിയിലെത്തിയപ്പോള്‍ നെഗറ്റീവ്; നിലവാരമില്ലാത്ത മെഷീനുകള്‍ ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ?
X

വിമാനത്താവളങ്ങളില്‍ നിലവാരമില്ലാത്ത കമ്പനികളും മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കണമെന്ന അപേക്ഷയുമായി പ്രവാസിയുടെ കുറിപ്പ്. തെറ്റായ കോവിഡ് പരിശോധന ഫലം മൂലം തന്‍റെ സഹോദരിക്ക് ധനനഷ്ടമുണ്ടായെന്നും പാവപ്പെട്ട പ്രവാസികളെ പിഴിയുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കരുതെന്നും പ്രവാസിയായ ഫസ അബുദബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫസ അബുദബിയുടെ കുറിപ്പ്

കഴിഞ്ഞ 15-01-2022ന് എന്‍റെ സഹോദരി രാത്രി 10.15ന്‍റെ AirIndia IX-363 എന്ന ഫ്ലൈറ്റിനു കോഴിക്കോടു നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 1600 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്തപ്പോൾ ഫലം പോസിറ്റീവ്. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. ടിക്കറ്റ് ചേഞ്ച് ചെയ്തു താരമെന്ന എയര്‍ ഇന്ത്യയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ വീട്ടിലേക് പോയി.

8 ദിവസം ക്വാറന്‍റൈന്‍ ഇരുന്നതിനു ശേഷം ആര്‍ടിപിസിആര്‍ നെഗറ്റീവ് റിസൾട്ടുമായി കോഴിക്കോടുള്ള എയര്‍ ഇന്ത്യ ഓഫീസിൽ പൊയി ടിക്കറ്റ് ഇന്നലെ 29-01-2022 ലേക്ക് ചേഞ്ചു ചെയ്തു തന്നു. അങ്ങനെ പുതിയ ടിക്കറ്റും ആര്‍ടിപിസിആര്‍ നെഗറ്റിവ് റിസൾട്ടുമായി ഇന്നലെ കോഴിക്കോട് എയർപോർട്ടിൽ പോയി. വീണ്ടും 1600 രൂപ കൊടുത്തു ടെസ്റ്റ്. 20 മിനിറ്റിനു ശേഷം റിസൾട്ട് വന്നു അപ്രതീക്ഷിതമായി വീണ്ടും പോസിറ്റീവ്. രണ്ട് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിസൾട്ടുമായാണ് എയർപോർട്ടിൽ വന്നത് എന്നോർക്കണം. വിഷമത്തിൽ എന്‍റെ പെങ്ങൾ അബു ദാബിയിലുള്ള എന്നെ വിളിക്കുന്നു. ഞാൻ അപ്പൊ തന്നെ യുഎഇയിലെ പല പ്രമുഖരുമായിട്ടും സാമൂഹിക പ്രവർത്തകരുമായും വിഷയം സംസാരിച്ചു. ബഹുമാനപെട്ട അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റും എന്‍റെ മനസ്സിൽ വന്നു.

അങ്ങനെ ഞാൻ രാത്രി തന്നെ കൊച്ചിയിൽ നിന്നു അബുദബിയിലേക്കുള്ള ടിക്കറ്റ് എടുത്തു. ഉച്ചക്ക് 2.15 നുള്ള IX-419 AirIndia flight. ആര്‍ടിപിസിആര്‍ വാലിഡിറ്റി ഉള്ളത് കൊണ്ട് നേരെ കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോയി . ഇന്ന് രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്തു Rs 2600 വീണ്ടും കൊടുത്തു റാപ്പിഡ് ടെസ്റ്റ് , 20 മിനിറ്റിനു ശേഷം റിസൾട്ട് വന്നു നെഗറ്റീവ് റിസൾട്ട് . റിസൾട്ട് എനിക്ക് അയച്ചു തന്നു. ഞാൻ നോക്കിയപ്പോ എനിക്ക് മനസിലായത് കാലിക്കറ്റ് ടെസ്റ്റ് ചെയ്യുന്നത് Micro Health Laboratories എന്ന ഒരു കമ്പനി ആണ് . പക്ഷെ കൊച്ചി യിൽ Genes 2Me എന്ന കമ്പനിയും. മൈക്രോ ഹെൽത്ത് ചെയ്ത 2 ടെസ്റ്റ് പോസിറ്റീവ്,ബാക്കിയുള്ള ഏതു കമ്പനി ചെയ്താലും നെഗറ്റീവ്.

അങ്ങനെ 30-01-22 വൈകിട്ട് അബുദബിയിൽ ഇറങ്ങി. 2 മണിക്കൂറിനു ശേഷം അബുദബി എയര്‍പോര്‍ട്ടില്‍ നിന്നു SEHA എടുത്ത ആര്‍ടിപിസിആറിന്‍റെ ഫലം വന്നു . അതും നെഗറ്റീവ്. എന്‍റെ നഷ്ടം ഒരു ടിക്കറ്റ് Rs 20000. പിന്നെ നിലവാരമില്ലാത്ത മെഷീൻ കയ്യിൽ ഒരുപാട് ഉള്ള മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ് എന്ന കമ്പനിക്ക് കൊടുത്ത രണ്ടു പോസിറ്റീവ് ടെസ്റ്റിന്‍റെ Rs 4000. കൂടാതെ കാലിക്കറ്റ് നിന്നു ഇന്നലെ രാത്രി കൊച്ചി യിലേക്കുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ . പിന്നെ ഒരുപാട് സമയം നഷ്ടം. നോക്കൂ കാലിക്കറ്റ് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ അവളുടെ കോവിഡ് മാറിയോ. വെറും 10 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് അവൾ കഴിച്ചോ...? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.

ഈ നിലവാരമില്ലാത്ത കമ്പനികളും മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് റിസല്‍റ്റ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും...?. അധികാരികൾ ഇത്തരം കാര്യങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.

TAGS :

Next Story