Quantcast

'കുഞ്ഞികൃഷ്‌ണേട്ടൻ്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തിരുന്നു, അതാവാം പ്രകോപനം'; പയ്യന്നൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീവെച്ചു

എഴുത്തുകാരിയും അധ്യാപികയുമായ നിഷി ലീല ജോര്‍ജിൻ്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനാണ് തീവെച്ചത്

MediaOne Logo
Car parked at home set on fire in Payyannur
X

പയ്യന്നൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ നിഷി ലീല ജോര്‍ജിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് തീവെച്ചു. വീടിന്റെ ജനാലകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രി 12.30ഓടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎമ്മിനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ച മുന്‍ നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ വീട്ടിലെല്ലാവരും പങ്കെടുത്തിരുന്നെന്നും അതാവാം ആക്രമണത്തിന്റെ പ്രകോപനമെന്ന് കരുതുന്നതായും നിഷി ലീല ജോര്‍ജ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.

ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും സമീപനങ്ങളില്‍ മാത്രമല്ല ഫാസിസം ഉള്ളതെന്നും അത് നമ്മുടെ സമീപത്തു തന്നെയുണ്ടെന്നും നിഷി ലീല ജോര്‍ജ് പറഞ്ഞു. പുരോഗമന ജനാധിപത്യ ഇടങ്ങളായി നമ്മള്‍ കരുതുന്ന ഇടങ്ങളിലുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി അക്രമങ്ങള്‍ നടത്തുകയാണ്. ആരെ പിന്തുണയ്ക്കണം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാന്‍ പൗരര്‍ക്ക് അവകാശമുള്ള സംവിധാനത്തെയാണ് ജനാധിപത്യമെന്ന് പറയുന്നത്. വിപരീത അഭിപ്രായങ്ങള്‍ കൂടി സഹിഷ്ണതയോടെ കേള്‍ക്കാന്‍ കഴിയുന്ന സംവിധാനമായിരിക്കണം ജനാധിപത്യം. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും എന്ന മട്ടിലാണ് ഇവിടെ കാര്യങ്ങള്‍ -അവര്‍ പറഞ്ഞു.

പയ്യന്നൂരില്‍ ഇന്ന് പുലര്‍ച്ചെ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന മറ്റൊരാളുടെ കാറിനും തീവെക്കാന്‍ ശ്രമം നടന്നിരുന്നു. എരമം പേരൂലിലെ എം.കെ നാരായണന്റെ കാറിന് തീവെക്കാനാണ് ശ്രമിച്ചത്. വീട്ടുകാര്‍ അറിഞ്ഞതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

നിഷി ലീല ജോര്‍ജിന്റെ ഫേസ്ബുക് പോസ്റ്റ്...

ഇന്നലെ രാത്രി 12.30നടുത്ത സമയത്ത് വലിയ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ വീടിന്റെ ജനാലകള്‍ എറിഞ്ഞു തകര്‍ത്തതായും കാര്‍ കത്തുന്നതായും കണ്ടു. ഉടന്‍ തന്നെ വാതില്‍ തുറന്ന് പുറത്തിറങ്ങി വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീട്ടില്‍ സിസിടിവി ഇല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ 3 ബൈക്കുകളിലായി 5 ആളുകള്‍ ആ സമയത്ത് കടന്നുപോയതായി കാണുന്നുണ്ട്. വി. കുഞ്ഞികൃഷ്‌ണേട്ടന്റെ പുസ്തകപ്രകാശന ചടങ്ങില്‍ വീട്ടിലെ എല്ലാവരും പങ്കെടുത്തിരുന്നു. അതാവാം പ്രകോപനം എന്ന് കരുതുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ്, പ്രചാരണ സമയത്ത് തന്നെ അവിടവിടെയായി അക്രമങ്ങളും അസഹിഷ്ണുതകളും പ്രകടമായിരുന്നു. എന്നാല്‍ അതൊക്കെയും കെട്ടിച്ചമച്ച കഥകളാണ് എന്ന മട്ടിലാണ് പ്രചാരണമുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി അക്രമങ്ങള്‍ നടത്തുകയാണ്.

ആരെ പിന്തുണയ്ക്കണം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാന്‍ പൗരര്‍ക്ക് അവകാശമുള്ള സംവിധാനത്തെയാണ് ജനാധിപത്യമെന്ന് പറയുന്നത്. വിപരീത അഭിപ്രായങ്ങള്‍ കൂടി സഹിഷ്ണതയോടെ കേള്‍ക്കാന്‍ കഴിയുന്ന സംവിധാനമായിരിക്കണം ജനാധിപത്യം. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും എന്ന മട്ടിലാണ് ഇവിടെ കാര്യങ്ങള്‍.

ട്രംപിന്റെയും നരേന്ദ്രമോദിയുടെയും സമീപനങ്ങളില്‍ മാത്രമല്ല ഫാസിസം ഉള്ളത്. അത് നമ്മുടെ സമീപത്തു തന്നെയുണ്ട്. പുരോഗമന ജനാധിപത്യ ഇടങ്ങളായി നമ്മള്‍ കരുതുന്ന ഇടങ്ങളിലുണ്ട്. എതിര്‍ക്കാതിരിക്കുമ്പോള്‍ വിശാലമനസ്‌കരും ജനാധിപത്യവാദികളുമായി കാണപ്പെടുന്നവര്‍ തന്നെയാണ് സംശയിക്കുകയോ ചോദ്യം ചോദിക്കുകയോ ചെയ്യുമ്പോള്‍ ഏകാധിപതികളായും മാറുന്നത്.

ഏകാധിപതികള്‍ തുലയട്ടെ.

ഫാസിസം തുലയട്ടെ.

സത്യം ജയിക്കട്ടെ.

TAGS :

Next Story