'മാപ്പ് ചതിച്ചാശാനേ...'; ബൈക്കിന് പോകാവുന്ന വഴിയില് കാര് കയറ്റി, മുന്നോട്ടും പിന്നോട്ടും പോകാനാവാതെ കുടുങ്ങി
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തേക്ക് പോകുകയായിരുന്നു കാര്

തിരുവനന്തപുരം: ഗൂഗിള് മാപ്പ് കാണിച്ച വഴിയിലൂടെ കാര് ഓടിച്ച മലയാളികള് ബൈക്കിന് മാത്രം പോകാന് കഴിയുന്ന ഇടുങ്ങിയ വഴിയില് കുടുങ്ങി. സംസ്ഥാന അതിര്ത്തിയിലെ അരുമനയ്ക്ക് സമീപമാണ് സംഭവം.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തേക്ക് കേരളത്തില് നിന്ന് പോകുകയായിരുന്നു കാര് യാത്രികര്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. വഴി നിശ്ചയമില്ലാതിരുന്നതിനാല് ഗൂഗിള് മാപ്പ് കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. എന്നാല്, ബൈക്കിന് മാത്രം പോകാന് കഴിയുന്ന ഇടുങ്ങിയ വഴിയാണ് അവസാനം മാപ്പ് കാണിച്ചുകൊടുത്തത്. ഈ വഴിയിലൂടെ കാര് കയറ്റിയതോടെ ഇരു ചുവരുകള്ക്കുമിടയില് കാര് കുടുങ്ങി.
കാര് മുന്നോട്ടും പിന്നോട്ടും നീക്കാന് കഴിയാതെ വന്നതോടെ നാട്ടുകാര് സഹായത്തിനെത്തി. ഡോര് തുറക്കാന് പോലും പറ്റാത്ത സാഹചര്യത്തില് ഏറെ പണിപ്പെട്ട് നാലുപേരെയും പുറത്തിറക്കി. സംഭവമറിഞ്ഞ് ഫയര്ഫോഴ്സും രക്ഷാപ്രവര്ത്തനത്തിന് എത്തി. പിന്നീട് കാറ് വഴിയില് നിന്ന് തള്ളിനീക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കള് മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു.
Adjust Story Font
16

