കരണത്തടിച്ചു, ഇനി കണ്‍മുന്നില്‍ വന്നാല്‍ കൊന്നുകളയുമെന്ന് ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്തി: മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍
ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം തന്നെ വെച്ച് ചെയ്യണമെന്ന് ആ ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് സംസാരിക്കാൻ തന്നെയായിരുന്നു ചുമതലപ്പെടുത്തിയതെന്ന് വിപിൻ

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്‍ അസഭ്യം പറഞ്ഞ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസിന് നല്‍കിയ പരാതിയില്‍ വിപിന്‍ പറയുന്നത്. താമസിക്കുന്ന ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി വിപിന്‍ ഉണ്ണിമുകുന്ദന്റെ പ്രൊഫഷണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്‍ നിന്ന് നേരത്തെയും തനിക്ക് ഇത്തരം അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പരാതിയില്‍ വിപിന്‍ പറയുന്നു.
‘മാര്‍ക്കോ’ സിനിമ ഉണ്ണിമുകുന്ദന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്‍ സിനിമക്ക് ശേഷം റിലീസായ '‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു. അന്നുമുതല്‍ ഉണ്ണിമുകുന്ദന്‍ മാനസികമായി വലിയ നിരാശയിലായിരുന്നുവെന്നും വിപിന്‍ പറഞ്ഞു. ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി നടന്‍ അസ്വാരസ്യത്തിലാണ്. കൂടാതെ ഉണ്ണിമുകുന്ദന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടന് വലിയ ഷോക്കായെന്നും പരാതിയില്‍ വിപിന്‍ പറയുന്നു.
ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണിമുകുന്ദനെ വെച്ച് ചെയ്യണമെന്ന് ആ ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ ഉണ്ണിമുകുന്ദന്‍ ഏല്‍പ്പിച്ചത് തന്നെയാണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാതെ വന്നതോടെ തന്നെയും പ്രൊഡ്യൂസറെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും വിപിന്‍ പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച റിലീസായ ടൊവിനോ തോമസിന്റെ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് തന്നോടുള്ള ഉണ്ണിമുകുന്ദന്റെ വിദ്വേഷം വര്‍ധിപ്പിച്ചു.
അന്ന് തന്നെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ലെന്ന് നടന്‍ അറിയിച്ചു. താനത് സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ചു നേരിട്ട് കാണുകയും വേണമെന്ന് ആവശ്യപ്പെട്ടു. പുറത്ത് ഏതെങ്കിലും റസ്റ്റോറന്റില്‍ വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിന് വഴങ്ങാതെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിപിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രകോപനമൊന്നുമില്ലാതെ അസഭ്യം പറഞ്ഞ ഉണ്ണിമുകുന്ദന്‍ വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയും തന്റെ മുഖത്തിരുന്ന വിലകൂടിയ കൂളിംഗ് ഗ്ലാസ് തട്ടിയെടുത്ത് എറിഞ്ഞുടച്ചു. ഉണ്ണി മുകുന്ദന്‍ ശത്രുത വെച്ച് പുലര്‍ത്തുന്ന മറ്റൊരു പ്രമുഖതാരം തനിക്ക് ഗിഫ്റ്റ് തന്നതാണെന്ന് അറിഞ്ഞുകൊണ്ടാണ് എറിഞ്ഞുടച്ചതെന്നും വിപിന്‍ പറഞ്ഞു. താടിയില്‍ ആദ്യം മര്‍ദ്ദിക്കുകയും രണ്ട് കൈകളും ചേര്‍ത്ത് പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുതറി ഓടിയപ്പോള്‍ പുറകെ ഓടി വന്ന് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും വിപിന്‍ പറയുന്നു. ഫ്‌ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കണ്‍മുന്നില്‍ വന്നാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിന്‍ പരാതിയില്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്
Adjust Story Font
16

