കാസർകോട് കുമ്പളയിലെ ടോൾ പിരിവിനെതിരായ പ്രതിഷേധം; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്
ടോള്‍ ബൂത്ത് മാനേജർ അമിത് കുമാറിന്റെ പരാതിയിലാണ് നടപടി

കാസര്‍കോട്: കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ വിരുദ്ധ സമരത്തിൽ സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്. ടോള്‍ ബൂത്തില്‍ അക്രമവും ഗതാഗത തടസവും ഉണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
സിപിഎം ഏരിയാ സെക്രട്ടറി സി.എ സുബൈര്‍ ഉള്‍പ്പെടെ മുസ്‌ലിം ലീഗ് ഭാരവാഹികളുമായ എ.കെ ആരിഫ്, അഷ്‌റഫ് കാര്‍ള തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ടോള്‍ബൂത്ത് മാനേജറും ഹരിയാന സ്വദേശിയുമായ അമിത് കുമാറിന്റെ പരാതിയിലാണ് നടപടി.
കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ടോൾ പ്ലാസയിൽ വെച്ച് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും വാഹനത്തിലുണ്ടായിരുന്നിട്ടും തന്നെ ബലമായി കാറിൽ നിന്ന് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു യുവാവിൻ്റെ ആരോപണം. ഇത് ചോദ്യം ചെയ്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എത്തിയതോടെയാണ് തർക്കമുണ്ടായത്.
അതേസമയം, രണ്ടു ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധന ലംഘിച്ചാണ് കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. ആരിക്കാടിയിൽ നിന്ന് 22 കിലോമീറ്റർ അകലെ തലപ്പാടിയിൽ കർണാടകയുടെ ടോൾ പ്ലാസ നേരത്തേയുള്ളതാണ്. തൊട്ടടുത്തു മറ്റൊരു ടോൾപ്ലാസ കൂടി വരുന്നതിനെതിരെ നാട്ടുകാർ സമരത്തിലായിരുന്നു. കാസർകോട് ഭാഗത്തുനിന്നു മംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഇനി തലപ്പായിലും ആരിക്കാടിയിലുമായി രണ്ടു ടോൾ നൽകണം.
Adjust Story Font
16

