വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരായ കേസ്: പൊലീസിനോട് റിപോർട്ട് തേടി മജിസ്ട്രേറ്റ് കോടതി
അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോർജിന്റെ മതവിദ്വേഷ പരാമർശം

പി.സി ജോർജ്
ഇടുക്കി: വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്ട്രേറ്റ് കോടതി. ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ തൊടുപുഴ പൊലീസിന് കോടതി നിർദ്ദേശം നൽകി.
സ്വകാര്യ അന്യായം മജിസ്ട്രേറ്റ് കോടതി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോർജിന്റെ മതവിദ്വേഷ പരാമർശം.
എച്ച്ആർഡിഎസ് സംഘടിപ്പിച്ച പരിപാടിയിൽ മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകൾ വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചിൽ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നാണ് പി.സി ജോർജ് പറഞ്ഞത്.
പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നെഹ്‌റുവിനെക്കുറിച്ചും വിചിത്രവാദങ്ങൾ ഉന്നയിച്ചിരുന്നു. നെഹ്‌റു മുസൽമാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്ന തുടങ്ങിയ വാദങ്ങളാണ് ജോർജ് ഉന്നയിച്ചത്.
Adjust Story Font
16

