Quantcast

യു.പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; മുസ്‌ലിം ലീ​ഗ് നേതാവ് എ.ഇർഷാദിനെതിരെ കേസ്

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം കായംകുളം പൊലീസ് ആണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2026-03-26 09:10:47.0

Published:

26 March 2026 2:33 PM IST

യു.പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; മുസ്‌ലിം ലീ​ഗ് നേതാവ് എ.ഇർഷാദിനെതിരെ കേസ്
X

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുസ്‌ലിം ലീ​ഗ് നേതാവ് എ.ഇർഷാദിനെതിരെ കേസെടുത്തു. യു.പ്രതിഭയുടെ പരാതിയിൽ കായംകുളം പൊലീസാണ് കേസെടുത്തത്. കേസെടുക്കാൻ ജില്ലാ കലക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു.

നേരത്തെ ഇർഷാദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നൽകിയിരുന്നു. അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശിച്ചിരുന്നു.

ഇർഷാദിനെ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് അടിയന്തര നടപടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആധാരമായത്. 'എംഎൽഎ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വിൽപ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദിന്റെ അധിക്ഷേപം.

TAGS :

Next Story