Quantcast

മഞ്ചേശ്വരത്ത് കന്നുകാലികളെ ഇറക്കിയവരെ അക്രമിച്ച കേസ്: നാല് പേർ അറസ്റ്റിൽ

അക്രമികളിലൊരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കണ്ടെടുത്തതോടെയാണ് സംഘത്തെ വേഗത്തിൽ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2026-02-14 17:29:19.0

Published:

14 Feb 2026 10:35 PM IST

മഞ്ചേശ്വരത്ത് കന്നുകാലികളെ ഇറക്കിയവരെ അക്രമിച്ച കേസ്: നാല് പേർ അറസ്റ്റിൽ
X

കേസില്‍ അറസ്റ്റിലായവര്‍

കാസർകോട്: മഞ്ചേശ്വരത്ത് ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.

കുഞ്ചത്തൂരിലെ അനിൽകുമാർ (23), പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമികളിലൊരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കണ്ടെടുത്തതോടെയാണ് സംഘത്തെ വേഗത്തില്‍ പിടികൂടിയത്. ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. സംഘ്പരിവാറിന്റെ ഉത്തരേന്ത്യൻ മോഡലിൽ നടന്ന ആക്രമണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ ഇരുമ്പുവടി കൊണ്ട് അക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശികളും പാലക്കാട്ടെ താമസക്കാരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) എന്നിവരെ ഇന്ന് പുലർച്ചെയാണ് അക്രമിച്ചത്.

മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോൾ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയാണ് സംഘം ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ചത്. പരിക്കേറ്റവരെ എ.കെ.എം അഷ്റഫ് എംഎല്‍എ ആശുപത്രിയിലെത്തി കണ്ടിരുന്നു.

കന്നുകാലികളെ കൊണ്ട് പോകുന്നതിനും മറ്റും കേരളത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ഈ ക്രൂര അക്രമത്തിന്റെ കാര്യം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

Watch Video Report


TAGS :

Next Story