ജാതി അധിക്ഷേപ പരാതിയിൽ അനുകൂലമായി സാക്ഷി പറഞ്ഞു; ജീവനക്കാരിയുടെ സുഹൃത്തിനെതിരെ സംഘടനാ നടപടി
സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിനാലാണ് നടപടിയെന്നാണ് വിശദീകരണം

തിരുവനന്തപുരം: ജാതി അധിക്ഷേപ പരാതിയിൽ സി - ഡിറ്റ് ജീവനക്കാരിക്ക് അനുകൂലമായി സാക്ഷി പറഞ്ഞതിന് യുവതിയുടെ സുഹൃത്തിനെതിരെ സംഘടനാ നടപടി. സുഹൃത്തിനെ സി ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
അസോസിയേഷന്റെ വനിതാ സബ് കമ്മിറ്റി കൺവീനർ സ്ഥാനവും തെറിപ്പിച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി (ICC)യിൽ ജീവനക്കാരിക്ക് അനുകൂലമായി മൊഴി നൽകിയതിന് പിന്നാലെയാണ് നടപടി. എന്നാൽ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിനാലാണ് നടപടിയെന്നാണ് സി ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വിശദീകരണം .
മേലുദ്യോഗസ്ഥ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് സി - ഡിറ്റ് ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. മൊഴി എടുക്കാൻ വിളിപ്പിച്ച താനുമായിപൊലീസ് ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന് യുവതി മീഡിയവണിനോട് പറഞ്ഞിരുന്നു.
യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സി-ഡിറ്റ് ആഭ്യന്തര പരാതി സെല്‍ കണ്ടെത്തി. മാർച്ച് അഞ്ചിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ യുവതി പരാതി നൽകിയിരുന്നത്. 13 വർഷത്തോളമായി സി-ഡിറ്റിൽ ജോലി ചെയ്തു വരികയാണ് യുവതി. മേലുദ്യോഗസ്ഥ തന്നെ ഒട്ടേറ തവണ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായാണ് പരാതി.
Adjust Story Font
16

