14 മണിക്കൂര്‍ നീണ്ടുനിന്ന 'ഓപ്പറേഷന്‍ സുഭാഷ്' വിജയം; കൊച്ചി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
പൂച്ച പില്ലറിൽ കുടുങ്ങിയിട്ട് ഒരാഴ്ചയായെന്ന് പ്രദേശവാസികൾ പറയുന്നു

കൊച്ചി: കലൂരിൽ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീം സംഘമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് സംഘം പില്ലറിന് മുകളിൽ കയറി പൂച്ചയെ താഴെ എത്തിക്കുകയായിരുന്നു. പൂച്ച പില്ലറിൽ കുടുങ്ങിയിട്ട് ഒരാഴ്ചയായെന്ന് പ്രദേശവാസികൾ പറയുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. 556-ാം നമ്പർ പില്ലറിന് മുകളിലാണ് പൂച്ച ഒരാഴ്ചയോളം കുടുങ്ങിക്കിടന്നത്.
ശനിയാഴ്ച രാവിലെ 11.30 ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പൂര്‍ത്തിയായത്. രക്ഷാപ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് മുകളിലെത്തിയെങ്കിലും ഭയന്നുപോയ പൂച്ച ഗർഡറിലെ ചെറിയ വിടവുകൾക്കുള്ളിലേക്ക് ഒളിച്ചത് വെല്ലുവിളിയായി. ക്രെയിൻ തകരാറിലായതും, നഗരത്തിലെ വലിയ ഗതാഗതക്കുരുക്കും, മെട്രോ ലൈനിലെ വൈദ്യുതി ബന്ധവും ദൗത്യം ദുഷ്കരമാക്കി. പിന്നീട് മെട്രോ സര്‍വീസ് അവസാനിച്ചതിന് ശേഷം വൈദ്യുതി വിച്ഛേദിച്ചാണ് പൂച്ചയെ രക്ഷിച്ചത്. പൂച്ചയെ രക്ഷിക്കാനായി സ്ഥാപിച്ച കൂട്ടിലേക്ക് പൂച്ച എത്തിയോടെയാണ് രക്ഷിക്കാനായത്. പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. ഭക്ഷണമൊന്നും കഴിക്കാത്തതിനാല്‍ പൂച്ച വളരെ അവശനായ നിലയിലാണ്.
നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ഓർമ്മയ്ക്കായി 'സുഭാഷ്' എന്നാണ് ഈ പൂച്ചയ്ക്ക് പേരിട്ടിരുന്നത്. പൂച്ചയെ ജീവനോടെ താഴെയെത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
Adjust Story Font
16

