Quantcast

കെ റെയിൽ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം ശ്രീലങ്കയാകും, കേന്ദ്രം ഒരനുമതിയും നല്‍കിയിട്ടില്ല: സുരേന്ദ്രന്‍

ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്ന ദുരിതവും ദുരന്തവും കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ കടക്കെണിയിലാക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് സുരേന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    25 March 2022 5:06 AM GMT

കെ റെയിൽ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം ശ്രീലങ്കയാകും, കേന്ദ്രം ഒരനുമതിയും നല്‍കിയിട്ടില്ല: സുരേന്ദ്രന്‍
X

സിൽവർ ലൈൻ പദ്ധതിയോട് കേന്ദ്രത്തിന് എതിർപ്പില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുകയാണ്. പദ്ധതിക്ക് കേന്ദ്രം ഇതുവരെ ഒരു രീതിയിലുള്ള അനുമതിയും നൽകിയിട്ടില്ല. ദുരഭിമാനം വെടിഞ്ഞ് സർവെ നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് വികസന വിരോധ വിദ്രോഹ സഖ്യമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം സമരത്തെ ദുർബലപ്പെടുത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വന്ദേമാതരം ട്രെയിനുകള്‍ കൂടുതലായി ഓടിക്കാന്‍ മുഖ്യമന്ത്രി സൌകര്യം ചെയ്യണം. ഈ പോക്കുപോയാല്‍ ശ്രീലങ്കയുടെ ഗതി കേരളത്തിന് വരും. ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്ന ദുരിതവും ദുരന്തവും കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ കടക്കെണിയിലാക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി ആർ ഏജൻസികൾ പറയുന്നതിന് അനുസരിച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണ്. കേന്ദ്രം ഇതുവരെ ഒരു അനുമതിയും കെ റെയിലിന് നൽകിയിട്ടില്ല. രാജ്യത്തെ മുഖ്യമന്ത്രിമാർ വരുമ്പോൾ അത് പ്രധാനമന്ത്രി അനുഭാവപൂർവം കേൾക്കും. അത് പതിവാണ്. അതിന് സിൽവർ ലൈനിന് അനുമതി നൽകിയെന്ന് വ്യാഖ്യാനമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ തകര്‍ക്കുന്ന ഒരു പദ്ധതിക്കും കേന്ദ്രം തിടുക്കത്തില്‍ അനുമതി നല്‍കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ റെയില്‍ രാഷ്ട്രീയ പ്രശ്നമല്ല. എല്ലാ പാർട്ടികളും കെ റെയിലിനെതിരായ സമരത്തിനുണ്ട്. സിപിഎമ്മിലെ ആളുകളുമുണ്ട്. അതില്‍ സഖ്യമൊന്നുമില്ല. ആരോപണങ്ങള്‍ സമരത്തെ ദുർബലപ്പെടുത്താനാണ്. ജനങ്ങൾ അത് വകവെച്ചുകൊടുക്കില്ല. നിഗൂഢമായ സാമ്പത്തിക താത്പര്യമാണ് പദ്ധതിക്ക് പിന്നിലുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ റെയില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചര്‍ച്ച നടന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടു. എന്താണ് ചെയ്യാൻ കഴിയുകയെന്ന് ആലോചിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അനുഭാവപൂര്‍വമായ സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. അക്കാര്യത്തില്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം.

TAGS :

Next Story