Quantcast

ചടയൻ ഗോവിന്ദന്റെ മകനിപ്പോൾ ഹോട്ടൽ പണിയല്ല; ഇടത് സൈബർ പ്രചാരണം തെറ്റ്

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇടതുസൈബർ ഇടങ്ങളിലെ ഈ പ്രചാരണം

MediaOne Logo

സുനില്‍ ഐസക്

  • Updated:

    2024-09-10 07:59:56.0

Published:

10 Sept 2024 12:48 PM IST

ചടയൻ ഗോവിന്ദന്റെ മകനിപ്പോൾ ഹോട്ടൽ പണിയല്ല; ഇടത് സൈബർ പ്രചാരണം തെറ്റ്
X

കണ്ണൂർ :‘സിപിഎം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎൽഎയുമായിരുന്ന ചടയൻ ഗോവിന്ദന്റെ ഇളയ മകൻ സുഭാഷ് കണ്ണൂർ കമ്പിൽ ടൗണിൽ ഹോട്ടൽ നടത്തുകയാണ്’; ചടയൻ ഗോവിന്ദന്റെ 26 മത് ചരമദിനമായ ഇന്നലെ പോരാളി ഷാജിയും റെഡ് ആർമിയും അടക്കമുള്ള ഇടതു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തയാണിത്.

ദേശാഭിമാനിയുടെ കണ്ണൂർ എഡിഷൻ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നൽകിയിരുന്നുവെന്നും ഇതിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാൻ ചടയൻ ആവശ്യപ്പെട്ടു, പിന്നാലെ സുഭാഷ് കമ്പിൽ ടൗണിൽ ഹോട്ടൽ ആരംഭിച്ചു എന്നായിരുന്നു പ്രചാരണം. സുഭാഷ് ചായ അടിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇടതുസൈബർ ഇടങ്ങളിലെ ഈ പ്രചാരണം.

സുഭാഷ് ഇപ്പോൾ ഹോട്ടലിൽ ചായ അടിക്കുകയാണോ...?

പ്രചരിക്കുന്ന വാർത്തകളിൽ പാതി മാത്രമാണ് സത്യമെന്ന് സുഭാഷ് പറയുന്നു. ദേശാഭിമാനിയിൽ മകന് ജോലി നൽകിയതിൽ ചടയന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ഇതോടെ ആറുമാസത്തിനുശേഷം സുഭാഷ് ദേശാഭിമാനിയിലെ ജോലി വിട്ടു. ശേഷം ഏറെക്കാലം ഗൾഫിൽ പ്രവാസി ജീവിതം. പിന്നീട് ചെന്നൈയിൽ ട്രാവൽ ഏജൻസിയിൽ ആയിരുന്നു ജോലി. കോവിഡ് കാലത്ത് ട്രാവൽ ഏജൻസി പൂട്ടിയതോടെയാണ് നാട്ടിലെത്തിയത്.

സുഹൃത്ത് സന്തോഷുമായി ചേർന്ന് ടൗണിൽ ഹോട്ടൽ ആരംഭിച്ചു. ഈ സമയത്ത് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതോടെ ഹോട്ടൽ ബിസിനസ് അവസാനിപ്പിച്ച് സുഭാഷ് ചെന്നൈയിലേക്ക് മടങ്ങി. നിലവിൽ ചെന്നൈ അമ്പത്തൂരിലെ സൈബർ പാർക്കിലുള്ള ഫുഡ് കോർട്ടിൽ സൂപ്പർവൈസറാണ്. പഴയ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില നിക്ഷിപ്ത താല്പര്യക്കാർ ആണെന്ന് സുഭാഷ് പറയുന്നു. താൻ ഇപ്പോഴും അടിയുറച്ച സിപിഎം പ്രവർത്തകനാണ്. ഏതെങ്കിലും നേതാക്കളെ കരിവാരിത്തേക്കാൻ തന്റെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലന്നും സുഭാഷ് മീഡിയവണ്ണിനോട് പറഞ്ഞു

TAGS :

Next Story