Quantcast

തെരഞ്ഞെടുപ്പിൽ ലീഗ് വിരുദ്ധ വികാരം വളർത്താൻ ശ്രമിച്ചു; 'സുപ്രഭാത'ത്തിനെതിരെ 'ചന്ദ്രിക'യിൽ ലേഖനം

മുസ്‌ലിം ലീഗിനെ ഒരു അപരനായി കണ്ട് ശത്രുവോടെന്ന പോലെയാണ് 'സുപ്രഭാതം' കഴിഞ്ഞ കാലങ്ങളിൽ പെരുമാറിയതെന്ന് മോയിൻ മലയമ്മ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

MediaOne Logo

Web Desk

  • Updated:

    2024-04-30 04:46:11.0

Published:

30 April 2024 4:39 AM GMT

Chandrika article against suprabhaatham
X

കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ 'സുപ്രഭാത'ത്തിനെതിരെ മുസ്‌ലിം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യിൽ ലേഖനം. ഏറെക്കാലമായി നിലനിൽക്കുന്ന ലീഗ്-സമസ്ത തർക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ ശക്തമാവുകയും ലീഗിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമസ്തയിൽ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. 'സുപ്രഭാത'ത്തിൽ സി.പി.എം പരസ്യം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനം 'സുപ്രഭാതം' പ്രസിദ്ധീകരിച്ചിരുന്നു. 'സുപ്രഭാതം' പരസ്യം നൽകുന്നതിലെ നയവും ലീഗിനെയും സമസ്തയേയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു ഹമീദ് ഫൈസിയുടെ ലേഖനത്തിൽ പറഞ്ഞത്. ഇതിനെതിരെയാണ് 'ചേർത്തുനിൽപ്പിനെ അപകടപ്പെടുത്തരുത്' എന്ന തലക്കെട്ടിൽ 'ചന്ദ്രിക' ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗിനെ ഒരു അപരനായി കണ്ട് ശത്രുവോടെന്ന പോലെയാണ് 'സുപ്രഭാതം' കഴിഞ്ഞ കാലങ്ങളിൽ പെരുമാറിയതെന്ന് മോയിൻ മലയമ്മ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സമസ്ത-സി.ഐ.സി വിഷയം പരിഹരിക്കാൻ ചർച്ച നടത്തിയപ്പോഴെല്ലാം ലീഗിനെ പ്രശ്‌നക്കാരനായി ചിത്രീകരിക്കുന്ന സമീപനമാണ് 'ചന്ദ്രിക' സ്വീകരിച്ചത്. ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് 'സുപ്രഭാതം' റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതെന്നും ലേഖനം വിമർശിക്കുന്നു.

കേരളീയ മുസ്‌ലിം സംഘശക്തിയെ ക്ഷയിപ്പിക്കുന്നതിന് 'സുപ്രഭാതം' എന്ന പത്രമുപയോഗിച്ച് പരമാവധി ചെയ്യുകയും ഇലക്ഷൻ സമയത്ത് പിന്നിലിരുന്ന ലീഗ് വിരുദ്ധ വികാരത്തെ പരമാവധി കത്തിക്കുകയും അതിന് തന്റെ ആശീർവാദത്തിൽ വളർന്ന ശജറ വിഭാഗത്തെ പരമാവധി ഉപയോഗപ്പെടുത്തുകയും ആ ലീഗ് വിരുദ്ധത കമ്മ്യൂണിസ്റ്റ് അനുകൂല വോട്ടായി പെട്ടിയിൽ വീണുവെന്ന് ഉറപ്പായ ശേഷമാണ് ഹമീദ് ഫൈസി ലീഗ്-സമസ്ത ബന്ധം ഓർമിപ്പിക്കാനിറങ്ങിയതെന്നും ലേഖനം പറയുന്നു.

സമൂഹത്തിൽ സൗഹാർദാന്തരീക്ഷവും രാഷ്ട്രീയ അച്ചടക്കവും സാമൂഹിക കെട്ടുറപ്പും കാത്തുസൂക്ഷിക്കുന്ന മാധ്യമങ്ങൾക്ക് എല്ലാ കാലത്തും മലയാളികൾക്കിടയിൽ ഇടമുണ്ട്. എന്നാൽ തോളിലിരുന്ന ചെവി തിന്നുകയും സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് മുഖ്യ ഹേതുവായ ചേർന്നുനിൽപ്പിനെ തുരങ്കം വക്കുകയും ചെയ്യുന്ന കുടില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

TAGS :

Next Story