Quantcast

'ഉസ്താദിനെ ഓത്തുപഠിപ്പിക്കാൻ വരേണ്ട'; സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് 'ചന്ദ്രിക' മുഖപ്രസംഗം

ബിജെപിയുടെ ബി ടീമായി സിപിഎമ്മിനേയും നേതാക്കളേയും സംശയിച്ചാൽ തെറ്റാവില്ല. ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഎമ്മെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

MediaOne Logo

Web Desk

  • Published:

    18 Dec 2021 6:05 AM GMT

ഉസ്താദിനെ ഓത്തുപഠിപ്പിക്കാൻ വരേണ്ട; സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ചന്ദ്രിക മുഖപ്രസംഗം
X

സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ചന്ദ്രിക മുഖപ്രസംഗം. മുസ്‌ലിം ന്യൂനപക്ഷത്തിനുമേൽ കുതിര കയറുന്ന സിപിഎം നിലപാട് അതീവ വേദനാജനകമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

ബിജെപിയുടെ ബി ടീമായി സിപിഎമ്മിനേയും നേതാക്കളേയും സംശയിച്ചാൽ തെറ്റാവില്ല. ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഎമ്മെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. അധികാരത്തിന്റെ മധുരം നുണയാൻ മുസ്‌ലിം ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് നേതാക്കൾക്കുള്ളതെന്ന് പുതിയ നേതാക്കൾ വായിച്ച് മനസിലാക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

'1967ൽ അധികാരത്തിനുവേണ്ടി ആരാടൊത്താണ് സിപിഎം കൂട്ടുകൂടിയതെന്ന് മറന്നതാണോ അതോ ഹിന്ദുത്വ വർഗീയമേലാളൻമാരെ സുഖിപ്പിച്ച് നാലുവോട്ട് നേടാൻ വേണ്ടിയാണോ കോടിയേരി-പിണറായിയാദികളുടെ ഈ തിട്ടൂരം? 1964ൽ സിപിഎമ്മും സിപിഐയുമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അധികാരത്തിന്റെ മധുനുണയാൻ മുസ്‌ലിം ലീഗ് നേതാക്കളുടെ തിണ്ണനിരങ്ങിയ പാരമ്പര്യമാണ് സ്വന്തം പാർട്ടി നേതാക്കൾക്കെന്ന് പുതിയ നേതാക്കൾ വായിച്ചു മനസിലാക്കണം. മുസ്‌ലിം ലീഗില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റാചാര്യൻ ഇഎംഎസിന് രണ്ടാമതൊരിക്കൽ കൂടി മുഖ്യമന്ത്രിയാവാൻ കഴിയുമായിരുന്നോ? നായനാരുടെ കാലത്തും 1985വരെ അഖിലേന്ത്യാ ലീഗുമായായിരുന്നില്ലേ സിപിഎമ്മിന്റെ രാഷ്ട്രീയക്കൂട്ട്'

'ഇന്ന് പിണറായി വിജയൻ തുടർഭരണം നടത്തുമ്പോൾ ഏത് വർഗീയ പ്രതിനിധിയാണ് തന്റെ മന്ത്രിസഭയിലുള്ളതെന്ന് അദ്ദേഹം ഓർക്കണം. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപിയാവാൻ ദലിതനായ ഡോ. ബി.ആർ അംബേദ്കറിന് സാധിച്ചത് നിങ്ങളിന്ന് വർഗീയ മുദ്രകുത്തുന്ന മുസ്‌ലിം ലീഗ് സ്വന്തം സീറ്റ് ഒഴിഞ്ഞുകൊടുത്തിട്ടാണെന്ന് നിങ്ങൾ പഠിക്കാത്ത ചരിത്രത്തിലുണ്ട്. അതുകൊണ്ട് മോദിസത്തിന്റെ മോദിസത്തിന്റെ ഇരകളായ മുസ്‌ലിംകൾക്ക് കമ്മ്യൂണിസ്റ്റുകളുടെ ഒരിറ്റ് ആനുകൂല്യവും വേണ്ടെങ്കിലും അധികാരക്കെറുവിനാൽ അവരുടെ തലയിൽ കയറി നിരങ്ങിയാൽ അതിനനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ത്രാണി മോദിക്കാലത്തും ഈ സമൂഹത്തിന് അവശേഷിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റുകൾ മറക്കരുത്. സ്വത്വത്തിനും അസ്തിത്വത്തിനും നിലനിൽപിനും വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ വർഗീയസിദ്ധാന്തം വിളമ്പുന്ന മാർക്‌സിസ്റ്റുകളാവും ലോകത്തെ ഏകവർഗീയപ്പാർട്ടി. അതിനാൽ കാൾമാർക്‌സിന്റെ താടിവെച്ചുള്ള സിപിഎമ്മിന്റെ വർഗീയ സർട്ടിഫിക്കറ്റ് എകെജി സെന്ററിൽ സൂക്ഷിച്ചാൽ മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാൻ വരേണ്ട!'-മുഖപ്രസംഗം പറയുന്നു.


TAGS :

Next Story