Quantcast

'അല്ലെങ്കില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ എന്ത് വ്യത്യാസം? തിടുക്കം വേണ്ട, പക്ഷേ നീതി നടപ്പിലാക്കണം': ചാണ്ടി ഉമ്മന്‍

'പിതാവിനോട് കാണിച്ചത് തികച്ചും അന്യായമാണ്. അത് ചെയ്തവര്‍ അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. പക്ഷെ അതിൻ്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല എന്ന് തന്നെയാണ് എൻ്റെ ഉറച്ച തീരുമാനം': ചാണ്ടി ഉമ്മന്‍

MediaOne Logo

Web Desk

  • Published:

    18 Oct 2026 11:21 PM IST

chandy oommen reacts cmrl controversy
X

കോട്ടയം: പിണറായി വിജയൻ പ്രതിയായ മാസപ്പടിക്കേസിലെ സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസിനകത്ത് ഭിന്നസ്വരങ്ങള്‍ ഉയരവേ നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മന്‍. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം മനുഷ്യത്വമാണ്. യുഡിഎഫ് എപ്പോഴും ഒരു മനുഷ്യത്വപരമായ സമീപനമാണ് എടുക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടുണ്ട്. പിതാവിനോട് കാണിച്ചത് തികച്ചും അന്യായമാണ്. അത് ചെയ്തവര്‍ അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. പക്ഷേ അതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല എന്ന് തന്നെയാണ് എന്റെ ഉറച്ച തീരുമാനം. സര്‍ക്കാര്‍ സമയം എടുത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല -ചാണ്ടി ഉമ്മന്‍ ഫേസ്ബുക് വീഡിയോയില്‍ പറഞ്ഞു.

പിണറായി വിജയനും സിപിഎമ്മും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മറക്കരുതെന്നും ഉമ്മന്‍ ചാണ്ടിക്കു ലഭിക്കാത്ത നീതി മാസപ്പടിക്കേസില്‍ പിണറായിക്കു നല്‍കുകയാണെന്നുമാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്‍ നിലപാട് വ്യക്തമാക്കിയത്.

ചാണ്ടി ഉമ്മന്റെ വാക്കുകള്‍...

കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന ഒരു ചര്‍ച്ചക്ക് ഒരു പര്യവസാനം ഉണ്ടാകണം എന്നുള്ളതാണ് എന്റെയും ആഗ്രഹം. തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് പലര്‍ക്കും വിഷമമുണ്ട്. പലരും എന്നോട് മെസ്സേജ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്റെ പിതാവിനോട് കാണിച്ചത് തികച്ചും അന്യമായ ഒരു കാര്യമാണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. അത് ഒന്നും രണ്ടും വര്‍ഷവുമല്ല. 2004ല്‍ അദ്ദേഹത്തെ ഇതേപോലെ ഒരു ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചു. അതിനുശേഷം 2011ല്‍ ഇതേ കാര്യം വീണ്ടുമുണ്ടായി. 2013ല്‍ അദ്ദേഹത്തിന് യുഎന്‍ അവാര്‍ഡ് കിട്ടിയ നിമിഷം മുതല്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഒമ്പത് വര്‍ഷക്കാലം നീണ്ടുനിന്നു. അത് ചെയ്തവര്‍ അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. പക്ഷെ അതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല എന്ന് തന്നെയാണ് എന്റെ ഉറച്ച തീരുമാനം. സര്‍ക്കാര്‍ സമയം എടുത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല എന്ന് ഞാന്‍ പറയും. കാരണം സര്‍ക്കാരിന്റെ സമയത്ത്, നീതിയുടെ സമയത്ത് ആ നീതി നടപ്പിലാക്കപ്പെടണം. തിരക്കിട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല. ആ ഒരു തരത്തില്‍ മാത്രമേ നമ്മള്‍ ഇതിനെ കാണാവൂ എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ, ഒരു കാരണവശാലും നീതി നടപ്പിലാകാതെ പോകരുത്. അത് വളരെ വ്യക്തമായിട്ടുള്ള കാര്യമാണ്. ഇവിടെ പലരുടെയും വികാരം അത് നീതി നടപ്പിലാകണം എന്നുള്ള ഉദ്ദേശം തന്നെയാണ്. അപ്പോള്‍ എന്റെ പിതാവിന്റെ സാഹചര്യവുമായി താരതമ്യം ചെയ്യുന്നവരെ അതിനകത്ത് കാണാം. ഒരു പേപ്പറില്‍ എഴുതിയ പരാതിയുടെ പുറത്താണ് പിതാവിന്റെ കാര്യത്തില്‍ സിബിഐക്ക് വിടുന്നത്. അതിനുമുമ്പ് ജുഡീഷ്യല്‍ കമ്മീഷന്‍ വെച്ചു. ആ ജുഡീഷ്യല്‍ കമ്മീഷന്‍ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള പ്രാക്ടീസ് ഉള്ള ഒരു ജുഡീഷ്യല്‍ കമ്മീഷനാണ്. ഇരുണ്ട ലിപികളില്‍ എഴുതപ്പെടേണ്ട ഒരു ജുഡീഷ്യല്‍ കമ്മീഷന്‍. അതിനുശേഷമാണ് ഈ ഒരു സിബിഐയുടെ എന്‍ക്വയറി വരുന്നത്. അന്യായമായി വേട്ടയാടപ്പെടുന്ന അകാരണമായ തിടുക്കം അവിടെ കണ്ടെങ്കില്‍ ഇനി വരുന്ന ഒരു ഈ ഒരു സാഹചര്യത്തില്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ ആ തിടുക്കം കാണിക്കേണ്ട കാര്യമില്ല. നിയമത്തിന്റെ വഴിക്ക് അത് പോകട്ടെ എന്നുള്ളത് നമ്മുടെ എല്ലാം അഭിപ്രായമാണ്. തീര്‍ച്ചയായിട്ടും അങ്ങനെ മാത്രമേ പോകാന്‍ പാടുള്ളൂ. അല്ലെങ്കില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമില്ലാതെ വരും. ഞാന്‍ നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഹ്യൂമാനിറ്റിയാണ് വ്യത്യാസം എന്നാണ്. മനുഷ്യത്വമാണ് വ്യത്യാസം. യുഡിഎഫ് എപ്പോഴും ഒരു മനുഷ്യത്വപരമായ സമീപനമാണ് എടുക്കുന്നത്. തീര്‍ച്ചയായിട്ടും ഈ കാര്യത്തിലും അങ്ങനെ തന്നെ എടുത്താല്‍ മതി എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

TAGS :

Next Story