Quantcast

കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെ; തെളിവ് ലഭിച്ചെന്ന് എസിപി, ഹർഷിന കേസിൽ കുറ്റപത്രം സമർപ്പിച്ചു

രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികൾ, 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-28 10:19:11.0

Published:

28 Dec 2023 8:56 AM GMT

Chargesheet filed in Harshina case
X

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജി്‌ട്രേറ്റ് കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. 40 രേഖകളും, 60 സാക്ഷിമൊഴികളുമുൾപ്പെടെ 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

ഡോ.സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എം ഷഹന, മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സുമാരായ എം.രഹന, കെ.ജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് തെളിഞ്ഞതായി എസിപി കെ.സുദർശൻ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചുവെന്നും എസിപി കൂട്ടിച്ചേർത്തു.

എംആർഐ റിപ്പോർട്ട് ആണ് തെളിവുകളിൽ നിർണായകമായത്. കേസിൽ മുമ്പ് റിപ്പോർട്ട് സമർപ്പിച്ചപ്പോഴും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും ഇത് എവിടെ നിന്നാണെന്ന് തെളിയിക്കാനായിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാൽ എംആർഐ തെളിവ് ഉപയോഗിച്ച് കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെ എന്ന് കണ്ടെത്തുകയായിരുന്നു.

ആശുപത്രി സൂപ്രണ്ട് ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു ഹർഷിന പരാതി നൽകിയിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഒഴിവാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഡോക്ടർമാരെയും നഴ്‌സുമാരെയുമടക്കം പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കേസിന്റെ അന്വേഷണം ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിൽ പൊലീസ് മെഡിക്കൽ ബോർഡിന്റെ അഭിപ്രായവും തേടിയിരുന്നു. എന്നാൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ വച്ച് കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് പറയാനാകില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വാദം.

TAGS :

Next Story