'പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം'; ചേരാനല്ലൂര്‍ കേസില്‍ വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി
കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ചേരാനല്ലൂര്‍ കേസില്‍ വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഡിജിപി പി. വിജയനോട് നാളെ രാവിലെ തന്നെ ചേരനല്ലൂരില്‍ എത്താനും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ജഡ്ജിയെ പ്രതിചേര്‍ത്ത വിവരം ഹൈക്കോടതി രജിസ്ട്രാറെ അറിയിക്കണം. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്നുണ്ടായ പൊലീസ് നടപടികളിലെ വീഴ്ച മന്ത്രി തന്നെ സമ്മതിച്ചിരുന്നു. തുടക്കത്തില്‍ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും നരഹത്യാകുറ്റം ചുമത്താതിരുന്നത് വീഴ്ചയാണെന്നും പൊലീസ് നടപടികളില്‍ ആശ്ചര്യം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. അപകടം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം പൊലീസ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി ജയബാലകൃഷ്ണന്റെ കുടുംബം നടത്തുന്ന സമരം ഇന്ന് താത്കാലികമായി അവസാനിപ്പിച്ചു. അച്ഛന്റെ കര്‍മം ചെയ്യേണ്ടതിനാല്‍ സമരം അവസാനിപ്പിക്കുകയെന്നും നാളെ നാമുമാണിക്ക് ഉള്ളില്‍ തീരുമാനമായില്ലെങ്കില്‍ സമരം തുടരുമെന്നും മക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Adjust Story Font
16

