പൊലീസുകാര്‍ക്ക് വീഴ്ചയോട് വീഴ്ച! നരഹത്യ ചുമത്തുന്നതിന് മതിയായ കാരണമുണ്ടായിട്ടും ചുമത്തിയില്ല, ചേരാനല്ലൂർ അപകടത്തിൽ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സസ്പെന്ഷന് ഉത്തരവ്
അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ കൈവശം വെക്കുകയും ചെയ്ത അനന്തകൃഷ്ണന് എന്നയാളുടെ ഫോണ്‍ വാങ്ങി, അതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഗ്രേഡ് ASIയും സീനിയര്‍ CPOയും ചേര്‍ന്ന് ഡിലീറ്റ് ചെയ്തെന്നും ഉത്തരവിൽ

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പൊലീസുകാരുടെ വീഴ്ച എണ്ണിപ്പറഞ്ഞ് സസ്പെന്ഷന് ഉത്തരവ്. നരഹത്യ ചുമത്തുന്നതിന് മതിയായ കാരണമുണ്ടായിട്ടും ചുമത്തിയില്ലെന്നും പൊലീസുകാരുടെ നടപടി അന്വേഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. ഗ്രേഡ് എഎസ്ഐ കെ.ടി മനോജും സീനിയര്‍ സിപിഒ അരുണ്‍ ജോഷിയും ചേര്‍ന്നാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നും ഉത്തരവിലുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ആള് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിട്ടും, ബിഎന്‍എസ് 105 പ്രകാരമുള്ള നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടായിട്ടും അത് എഫ്ഐആറില്‍ ഉള്‍പ്പെടുത്താത്തത് സസ്പെന്ഷന് ഉത്തരവില്‍ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. അപകടവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ കൈവശം വെക്കുകയും ചെയ്ത അനന്തകൃഷ്ണന് എന്നയാളുടെ ഫോണ്‍ വാങ്ങി, അതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഗ്രേഡ് എഎസ്ഐയും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും ഉത്തരവിലുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, കുട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയുന്നുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ഫോണിലെ ചിത്രങ്ങള്‍ നിര്‍ബന്ധിച്ച് മായ്ക്കാന്‍ പൊലീസിന് അധികാരമില്ല.
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളും ചൂണ്ടിക്കാട്ടിയാണ് നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെയും മാറ്റിയിട്ടുണ്ട്. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ കെപിഡിഐപി ആന്‍ഡ് എ ചട്ടങ്ങള്‍ പ്രകാരം ജോയിന്റ് ഓറല്‍ എന്‍ക്വയറി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ദിവസത്തിനകം കുറ്റപത്രത്തിന്റെ കരട് സാക്ഷ്യപ്പെടുത്താനായി സമര്‍പ്പിക്കാനും, 60 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. അമിത വേഗതയിലെത്തിയ കാര്‍ മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്നുണ്ടായ പൊലീസ് നടപടികളിലെ വീഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തുറന്നുസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി.
അതേസമയം, അപകടമുണ്ടാക്കിയ വാഹന ഉടമ ജഡ്ജി റിനോ ഫ്രാന്‍സിസിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യുകയാണ്. ജഡ്ജിയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കക്ഷിചേരും. കക്ഷി ചേരാന്‍ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി.
watch video report:
Adjust Story Font
16

