ചേരാനല്ലൂർ വാഹനാപകടം: ജില്ലാ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; അറസ്റ്റ് തടയുമോ എന്നതിൽ നിർണായക വിധി ഇന്ന്
കുറ്റകൃത്യത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും, 17കാരനായ മകൻ വാഹനം എടുത്ത് പുറത്തേക്ക് പോയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ജില്ലാ ജഡ്ജിയുടെ പ്രധാന വാദം

കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ഉടമയുടെ ജീവനെടുത്ത വാഹനാപകടക്കേസിൽ പ്രതിയായ ജില്ലാ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പൊലീസിനോട് റിപ്പോർട്ട് തേടുന്നതിനൊപ്പം ജില്ലാ ജഡ്ജിയുടെ അറസ്റ്റ് കോടതി തടയുമോ എന്ന കാര്യം ഏറെ നിർണായകമാണ്.
കുറ്റകൃത്യത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും, 17കാരനായ മകൻ വാഹനം എടുത്ത് പുറത്തേക്ക് പോയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ജില്ലാ ജഡ്ജിയുടെ പ്രധാന വാദം. എന്നാൽ കേസിൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റിന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ചേരാനല്ലൂരിൽ 56കാരനായ ജയബാലകൃഷ്ണന്റെ ജീവനെടുത്ത അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിക്ക് ഇതിനോടകം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. എന്നാൽ പ്രതിയായ 17കാരൻ സ്ഥിരം കുറ്റവാളിയാണെന്നും, ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും എറണാകുളം സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
മരിച്ചയാളുടെ സംസ്കാര ചടങ്ങുകൾക്ക് മുൻപ് തന്നെ പ്രതിക്ക് ജാമ്യം നൽകിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡ്രൈവിങ് ലൈസൻസോ, ഡ്രൈവിങ് പഠിക്കാൻ അനുമതി പോലുമില്ലാത്ത 17കാരൻ എങ്ങനെയാണ് 102 കിലോമീറ്റർ വേഗതയിൽ കാറോടിച്ചതെന്ന ഗുരുതരമായ ചോദ്യവും പ്രോസിക്യൂഷൻ ഉയർത്തിയിട്ടുണ്ട്. പ്രതി സ്ഥിരമായി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും, ഇതിന്റെ ദൃശ്യങ്ങൾ പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് അമിതവേഗതയിൽ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്കൂട്ടറിലിടിച്ചത്. അപകടത്തിൽ ജയബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആക്ഷേപത്തെ തുടർന്ന് എസ്എച്ച്ഒ ഉൾപ്പെടെയുള്ള നാല് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Adjust Story Font
16

