Quantcast

'നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാൻ വരേണ്ടെന്നാണ് കാറോടിച്ച പയ്യന്റെ അച്ഛന്‍ പറഞ്ഞത്, മാമൻ റോഡിൽ ചിതറിക്കിടക്കുമ്പോഴാണീ അഹങ്കാരം...'; എറണാകുളത്ത് 17കാരന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ബന്ധു

ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് റിനോ ഫ്രാന്‍സിസിന്റെ പേരിലുള്ളതാണ് വാഹനം

MediaOne Logo

Web Desk

  • Updated:

    2026-10-25 06:43:31

Published:

25 Oct 2026 12:12 PM IST

നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാൻ വരേണ്ടെന്നാണ് കാറോടിച്ച പയ്യന്റെ അച്ഛന്‍ പറഞ്ഞത്, മാമൻ റോഡിൽ ചിതറിക്കിടക്കുമ്പോഴാണീ അഹങ്കാരം...; എറണാകുളത്ത് 17കാരന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ബന്ധു
X

എറണാകുളം: ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും പിതാവിനുമെതിരെ കുടുംബം. ഇടിയുടെ ആഘാതത്തില്‍ മൃതദേഹം റോഡിലാകെ ചിന്നിച്ചിതറി കിടക്കുമ്പോഴും നിങ്ങളെന്നെ ചോദ്യം ചെയ്യേണ്ടെന്നാണ് കാറോടിച്ച പയ്യന്റെ പിതാവ് പറഞ്ഞതെന്ന് മരിച്ചയാളുടെ ബന്ധു പറഞ്ഞു. നിയമത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണെന്നും, ഡ്രൈവിങ് ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ അപകടത്തില്‍ മാഞ്ഞാലി സ്വദേശി ജയ ബാലകൃഷ്ണനാണ് മരിച്ചത്. പ്രതി വാഹനമോടിച്ചത് 100 കിലോമീറ്റര്‍ വേഗതയിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

'17 വയസ്സുള്ള പയ്യന്റെ കയ്യില്‍ വണ്ടി കൊടുത്തുവിടാന്‍ പാടില്ലെന്ന് അറിയില്ലേയെന്ന് കണ്ണ് നിറഞ്ഞ് ചോദിച്ചപ്പോള്‍ നിങ്ങളെന്നെ ചോദ്യം ചെയ്യാനൊന്നും നില്‍ക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ശരീരത്തിലെ ഓരോ പാര്‍ട്‌സും റോഡില്‍ ചിന്നിച്ചിതറി വീണുകിടക്കുമ്പോഴാണ് ഈ അഹങ്കാരം. അത്രയ്ക്കും സ്‌ട്രോങ് ആയിട്ടാണ് വണ്ടി വന്ന് ഇടിച്ചത്.' ബന്ധു പ്രതികരിച്ചു.

'26 വര്‍ഷമായി അവിടെ തട്ടുകട നടത്തുന്ന വളരെ സൈലന്റായ മനുഷ്യനാണ് ജയപാലന്‍ മാമന്‍. മോളുടെ കല്യാണത്തിനും മറ്റുമായി കോപ്പറേറ്റീവ് സൊസൈറ്റിയില്‍ ഉള്‍പ്പെടെ ലോണുകളുണ്ട്. മാമന്‍ ഒരു ദിവസം കട തുറന്നില്ലെങ്കില്‍ ആ കുടുംബത്തിന്റെ അടുത്ത ദിവസത്തെ കാര്യങ്ങള്‍ നടക്കില്ല. അത്രയധികം ബാധ്യതകളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ചുമലിലുണ്ടായിരുന്ന ആളാണ് മരിച്ചത്. ഞങ്ങള്‍ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍' നിങ്ങളെന്നെ ചോദ്യം ചെയ്യാനൊന്നും നില്‍ക്കേണ്ടെന്നാണ്' കാറോടിച്ച പയ്യന്റെ അച്ഛന്‍ പറഞ്ഞത്. ആ ഒരു അധികാരത്തിന്റെ ഹുങ്കും അഹങ്കാരവും അംഗീകരിക്കാനാകില്ല. ഡിസ്ട്രിക്ട് ജഡ്ജിയാണെങ്കിലും ദൈവം തമ്പുരാനാണെങ്കിലും ഞങ്ങള്‍ക്ക് ചോദ്യം ചെയ്യാതിരിക്കാനാകില്ലല്ലോ?

ഫസ്റ്റ് ടൈം വണ്ടി എടുത്തുപോയെന്നാണ് പിതാവ് പറയുന്നത്. ലൈസന്‍സോ പ്രായപൂര്‍ത്തിയോ ഇല്ലാത്ത കുട്ടിക്ക് നൂറ് കിലോമീറ്ററിലധികം വേഗതയില്‍ കാര്‍ കൊടുത്തുവിടാന്‍ ഏത് നിയമമാണ് അനുവദിക്കുന്നത്? കേസ് വെറും പയ്യന്റെ പേരില്‍ മാത്രമല്ല, ലൈസന്‍സില്ലാതെ വണ്ടി കൊടുത്തുവിട്ട മാതാപിതാക്കളുടെ പേരിലും കേസെടുക്കണം. നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരാണ്'. അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബെന്‍സ് കാര്‍ ഇടിച്ചതിന് ശേഷവും നിര്‍ത്താതെ ഒരു കിലോമീറ്ററോളം ഓടിച്ചാണ് നിന്നതെന്നും, നൂറിലധികം സ്പീഡിലാണ് വണ്ടി ഓടിച്ചിരുന്നതെന്നും അവര്‍ പറയുന്നു. വണ്ടി ഓടിച്ച പയ്യന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ സ്‌റ്റേഷനില്‍ ഇരുന്നപ്പോള്‍ എസ്എച്ച്ഒ വിളിച്ച് സംസാരിച്ചെന്നും, എന്തുതന്നെയായാലും കേസെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് റിനോ ഫ്രാന്‍സിസിന്റെ പേരിലുള്ളതാണ് വാഹനം. പ്രതിയെ ചേരാനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട ജയബാലകൃഷ്ണന്‍ നിത്യജീവിതത്തിനായി തട്ടുകട നടത്തിവരികയാണ്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരിയിലെ മിനി കൂപ്പര്‍ അപകടത്തിന് പിന്നാലെ ഉണ്ടായ ഈ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

നിലവില്‍ അപകടകരമായി വാഹനം ഓടിക്കല്‍, മനഃപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലൈസന്‍സില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അപകട സമയത്ത് പ്രതി മദ്യപിച്ചിട്ടില്ലെന്നും മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിക്ക് ശേഷം ആയിരിക്കും കോടതിയില്‍ ഹാജരാക്കുകയെന്നും ചേരാനല്ലൂര്‍ സിഐ ശ്യാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story