Quantcast

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഗൗരവത്തോടെ കാണണം, വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല: മുഖ്യമന്ത്രി

വ്യാജപ്രചരണങ്ങൾ കൊണ്ട് കേരളത്തിന്‍റെ മതേതര അടിത്തറ തകരില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    18 Feb 2026 9:21 PM IST

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഗൗരവത്തോടെ കാണണം,  വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം ഭാഗത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവുമാണ് ഉണ്ടായിരുന്നത്. കേരള സ്റ്റോറി എന്ന വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുക്കുന്നത് സംഘപരിവാറാണെന്നും വ്യാജപ്രചരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പല സിനിമകള്‍ക്കും പ്രദര്‍ശനാനുമതി കിട്ടാതിരിക്കുമ്പോള്‍ കേരള സ്റ്റോറിക്ക് കിട്ടുന്നത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ റിയല്‍ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍.

''കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കുന്നതുമായ കേരളത്തെ അവര്‍ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

സുസ്ഥിര വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ക്രമസമാധാന പാലനത്തില്‍ മാതൃകയായ, മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകള്‍ക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.'

TAGS :

Next Story