സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന വിദേശ നിക്ഷേപത്തിന് പിന്നിൽ ലാഭ താൽപര്യം; മുഖ്യമന്ത്രി
കേരളത്തിന്റെ ആരോഗ്യരംഗം കൂടുതൽ ശക്തമാകട്ടെയെന്ന സദുദ്ദേശം ഇതിന് പിന്നിലില്ലെന്നും സ്വകാര്യ ആശുപത്രികളിൽ വലിയ ചികിത്സ സൗകര്യങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാരന് അതിന്റെ ഉപയോഗം കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരം ആശുപത്രികളിൽ നടത്തുന്ന വിദേശ നിക്ഷേപത്തിന് പിന്നിൽ ലാഭതാൽപര്യം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിന്റെ ആരോഗ്യരംഗം കൂടുതൽ ശക്തമാകട്ടെയെന്ന സദുദ്ദേശം ഇതിന് പിന്നിലില്ലെന്നും സ്വകാര്യ ആശുപത്രികളിൽ വലിയ ചികിത്സ സൗകര്യങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാരന് അതിന്റെ ഉപയോഗം കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർ ചെലവാക്കുന്ന പണം കൂടുതൽ ലാഭമാക്കി തിരിച്ചെടുക്കും. ഇതാണ് സ്വകാര്യ ആശുപത്രികൾ വഴി വൻകിടക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പല ആശുപത്രികളും ഈ ഗണത്തിൽപ്പെട്ടു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സ്വകാര്യ ആശുപത്രികൾ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും ഈ പ്രവണത വലിയ പ്രശ്‌നമായി മാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖല ലാഭമുണ്ടാക്കാനുള്ള വഴിയായി മാത്രമാണ് ഇത്തരക്കാർ കാണുന്നതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാടന സദസ്സിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
Adjust Story Font
16

