Quantcast

ബഫർസോൺ: കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് രാഹുൽ; മറുപടിക്കത്തിന്റെ പകർപ്പുമായി പ്രതികരണം

വയനാട് എംപി രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചുവെന്നും ജൂൺ 23ന് രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

MediaOne Logo

Web Desk

  • Updated:

    2022-07-01 16:16:34.0

Published:

1 July 2022 2:08 PM GMT

ബഫർസോൺ: കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് രാഹുൽ; മറുപടിക്കത്തിന്റെ പകർപ്പുമായി പ്രതികരണം
X

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കേരള മുഖ്യമന്ത്രിക്ക്‌ താൻ കത്തയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്ന രാഹുലിന്റെ വിമർശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മറുപടിക്കത്തിന്റെ പകർപ്പ് സഹിതമാണ് മുഖ്യമന്ത്രി ആരോപണത്തോട് പ്രതികരിച്ചത്. വയനാട് എംപി രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചുവെന്നും ജൂൺ 23ന് രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കി.

സുപ്രിംകോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെൻറ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി. കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നായിരുന്നു വയനാട്ടിൽ ബഫർസോണിനെതിരെ നടക്കുന്ന യുഡിഎഫ് പ്രതിഷേധത്തിൽ രാഹുൽ പറഞ്ഞിരുന്നത്. വയനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പ്രധാനമന്ത്രിയെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബഫർ സോണിനകത്ത് ജനവാസ മേഖലകൾ ഉൾപ്പെടാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും രാഹുൽ പറഞ്ഞു.

തന്റെ ഓഫീസ് ആക്രമിച്ചതുകൊണ്ട് ഒന്നും നേടാനാകില്ലെന്നും ഇടതുസർക്കാറിന്റെ തെറ്റായ നടപടികൾ കാരണം വയനാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടതുസർക്കാർ തീരുമാനം മാറ്റണമെന്നും വയനാട്ടിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പം താൻ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും തെറ്റായ നയങ്ങൾക്കെതിരെ സമാധാനവഴിയിൽ സമരം ചെയ്യുമെന്നും അക്രമം തങ്ങളുടെ പാതയല്ലെന്നും രാഹുൽ വ്യക്തമാക്കി.

ബി.ജെ.പിയും സി.പി.എമ്മും വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്ന് അവർക്ക് ആത്മധൈര്യമില്ലാത്തതിനാൽ പേടിപ്പെടുത്താൻ നോക്കുകയാണെന്നും രാഹുൽഗാന്ധി വിമർശിച്ചു. അഞ്ചു ദിവസത്തെ ഇ.ഡിയുടെ ചോദ്യം ചെയ്യലിലൂടെ തന്നെ തളർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചുവെന്നും എം.പി ഓഫീസ് തകർത്താൽ തന്റെ പ്രകൃതം മാറ്റാമെന്ന് സിപിഎം കരുതിയെന്നും അദ്ദേഹം വിമർശിച്ചു. അവരുടെ ആശയ കുഴപ്പമാണിതെന്നും പറഞ്ഞു.

Chief Minister Pinarayi Vijayan responded to Rahul's criticism on the buffer zone issue

TAGS :

Next Story