'ഞാൻ ജനിച്ചത് സ്റ്റാലിന്റെ റഷ്യയിലല്ല,നെഹ്‌റുവിന്റെ ഇന്ത്യയിലായിരുന്നു'; തെറ്റ് ചെയ്ത പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 144 പൊലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

തിരുവനന്തപുരം: പൊലീസ് അതിക്രമണങ്ങളില്‍ നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ചെറുപ്പം മുതല്‍ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിൽ അല്ലെന്നും നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിന്‍റെ കീഴിലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
'രാജ്യം ജവഹർലാൽ നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിന് കീഴിലായിരുന്നു. പൊലീസിനെ കുറിച്ച് ആദ്യം ചിന്തിക്കുമ്പോൾ ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ പൊലീസിനെ കുറിച്ചാണ് ഓർക്കേണ്ടത്.അതിന്റെയൊരു തുടർച്ചയാണ് പിന്നീട് ഇവിടെ ഉണ്ടായത്. സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല കോൺഗ്രസിന്റെ നേതൃത്വത്തിലാണ് അന്ന് അതിക്രമങ്ങൾ നടന്നത്'. മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ നേരിടുന്നതിന് പൊലീസ് ഒരു കുറുവടി പ്രയോഗം നടത്തി. ആരെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്താൽ അതിനെ സംരക്ഷിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. തെറ്റ് ചെയ്ത പൊലീസുകാരെ ഞങ്ങൾ സംരക്ഷിക്കില്ല.കോൺഗ്രസുകാർ ഒരുകാലത്തും അങ്ങനെ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'2016 ൽ LDF അധികാരത്തിൽ ഇരുന്നപ്പോൾ സമഗ്രമായ ഒരു നിയമം തന്നെ വന്നു.രാജ്യത്തിനാകെ മാതൃകയായ നിയമമായിരുന്നു.2016ല്‍ ഞങ്ങൾ സ്വീകരിക്കുന്ന പൊതുവായ ഒരു നിലയുണ്ട്. തെറ്റ് ചെയ്തവർക്കെതിരെ കർശനം നടപടി എന്നതാണ് ഞങ്ങളുടെ നയം.പൊലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്ന ആളുകളാക്കി മാറ്റിയത് ആരാണ്.എന്തെല്ലാം നെറികേടുകൾ കണ്ട നാടാണിതെന്നും' മുഖ്യമന്ത്രി ചോദിച്ചു.
'2024ഒക്ടോബര്‍ മുതല്‍ 2025സെപ്തംബര്‍വരെ 36 പൊലീസുകാരെ പിരിച്ചുവിട്ടു.കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആകെ 144 പൊലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് മറ്റെവിടെയെങ്കിലും പൊലീസിനെതിരെ ഇത്രയും കര്‍ശനമായി നടപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാറിനെ കാണാനാവുമോ?. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് സേനയില്‍ നടന്നുകൊണ്ടിരിക്കുന്നത്.അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംവിധാനമായി കേരളപൊലീസ് മാറിയത്'.മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് മർദനങ്ങളിൽ അടിയന്തരപ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത് സ്റ്റാലിന്റെ റഷ്യ അല്ലെന്നും മുഖ്യമന്ത്രി ഇതുവരെ കേരള പൊതുസമൂഹത്തോടോ മാധ്യമങ്ങളോടോ മറുപടി പറഞ്ഞോ എന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചോദിച്ചു.റഷ്യയിൽ സംശയമുള്ളവരെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നത് വായിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞു പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പൊലീസിന്റെ മനോവീര്യത്തേക്കാൾ വലുതാണ്ഈ നാട്ടിലെ ചെറുപ്പക്കാരന്റെ അന്തസ്സും അഭിമാനവുമെന്ന് മുസ്‍ലിം ലീഗ് അംഗം എൻ.ഷംസുദ്ദീൻ പ്രതികരിച്ചു.
കുണ്ടറയിൽ സൈനികന്റെ മരണത്തിന് കാരണം പൊലീസ് മർദനമെന്ന മീഡിയവൺ വാർത്തയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.കുന്നംകുളത്ത് സുജിത്ത് ആക്രമണത്തിന് ഇരയായപ്പോൾ വിഷയം പ്രതിപക്ഷം ഉന്നയിച്ചില്ലെന്നും യുഡിഎഫിന് വിഷയ ദാരിദ്ര്യമാണെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. പൊലീസിൽ പുഴു കുത്തുകൾ ഉണ്ടെന്നും അതിനെതിരെ ശക്തമായ നടപടികൾ എൽഡിഎഫ് സ്വീകരിക്കുന്നുണ്ടെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
Adjust Story Font
16

