'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല, മനുഷ്യപക്ഷത്ത് നില്‍ക്കുന്ന കലയിലൂടെ നമുക്ക് ഒരുമിച്ച് നില്‍ക്കാം': മുഖ്യമന്ത്രി
ഡിസംബര്‍ 12 മുതല്‍ 19 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനവേളയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്‌കെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നിലപാട് കൊണ്ടുതന്നെ ലോകത്തിലെ മികച്ച മേളകളില്‍ ഒന്നായി ഇത്തവണത്തെ ഐഎഫ്എഫ്‌കെ മാറി. മറ്റ് മേളകളില്‍ നിന്ന് വ്യത്യസ്തമായി പലതും ഐഎഫ്എഫ്‌കെയില്‍ ഉണ്ടെന്നും ജനാധിപത്യത്തിന് എതിരായ ഏത് നടപടിയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയുടെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'രാഷ്ട്രീയ നിലപാട് കൊണ്ടുതന്നെ ലോകത്തിലെ മികച്ച മേളകളിലൊന്നായി മാറിയിരിക്കുകയാണ് ഐഎഫ്എഫ്‌കെ. മറ്റ് മേളകളില്‍ നിന്ന് വ്യത്യസ്തമായി പലതും ഐഎഫ്എഫ്‌കെയിലുണ്ട്. ഫലസ്തീന്‍ ചിത്രമായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. പതിവില്ലാത്ത ഒരു പ്രതിസന്ധി ഇത്തവണ ഉണ്ടായി. 19 സിനിമകള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിക്കുകയുണ്ടായി. സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സിനിമകളില്‍ 13 എണ്ണത്തിന് അനുമതി കിട്ടി.'
'സിനിമകള്‍ക്ക് മേലുള്ള കേന്ദ്രത്തിന്റെ വിലക്കിനെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കാണണം. അപഹാസ്യമായ നടപടിയായിരുന്നു. ബീഫ് എന്നാല്‍ അവര്‍ക്ക് ഒന്നേ അറിയൂ. സിനിമകളിലെ ബീഫ് എന്നാല്‍ ഭക്ഷണ പദാര്‍ഥവുമായി ഒരു ബന്ധവുമില്ല. ഇവിടെത്തെ ബീഫ് എന്ന് കരുതി കേന്ദ്രം വാളെടുത്തിരിക്കുകയാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന ബീഫ് അല്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രദര്‍ശനാനുമതി നല്‍കിയത്.' മുഖ്യമന്ത്രി വ്യക്തമാക്കി.
'ലോകസിനിമകളെ കുറിച്ച് കേന്ദ്രത്തിന് അജ്ഞതയാണ്. ഫലസ്തീന്‍ വിഷയം പ്രമേയമാക്കിയ ചിത്രങ്ങളെ എതിര്‍ത്തതിലൂടെ ഫലസ്തീന്‍ വിഷയത്തിലെ കേന്ദ്ര നിലപാട് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. കേവലം വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അജ്ഞതയല്ല. ഐഎഫ്എഫ്‌കെയെ തകര്‍ക്കാനുള്ള സ്വേച്ഛാദിപത്യ നീക്കം. ജനാധിപത്യത്തിന് എതിരായ ഏത് നടപടിയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെത്തന്നെ ഉണ്ടാവും'. മുഖ്യമന്ത്രി വ്യക്തമാക്കി.
'തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുമായി മറ്റാരും സഹകരിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ മനോഭാവം. ഇത് ചെറുക്കേണ്ടതാണ്. എത്രമാത്രം പരിഹാസമാണ് ഇതെല്ലാം.' ഇത്തരം നിലപാടുകളിലൂടെ രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്നും മനുഷ്യപക്ഷത്ത് നില്‍ക്കുന്ന കലയിലൂടെ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 12 മുതല്‍ 19 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് സമാപിച്ചിരുന്നു. മേളയില്‍ ഏറ്റവും മികച്ച സിനിമക്കുള്ള സുവര്‍ണ ചകോരം അവാര്‍ഡ് ഷോ മിയാകേ സംവിധാനം നിര്‍വഹിച്ച ടു സീസണ്‍സ് ടു സ്‌ട്രേന്‍ജേഴ്‌സ് എന്ന സിനിമ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ കരസ്ഥമാക്കി. തന്തപ്പേരും ഖിഡ്കി ഗാവുമാണ് അവാര്‍ഡിന് അര്‍ഹമായത്. മികച്ച സംവിധായകനുള്ള രചത ചകോരം അവാര്‍ഡിന് കരീന പിയാസ, ലൂസിയ ബ്രസേലിസ് എന്നിവര്‍ അര്‍ഹരായി.
Adjust Story Font
16

