Quantcast

'ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറും ഉജ്വല സംഘടനാശേഷിയും ഒത്തുചേർന്ന നേതാവ്'; കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർട്ടി സംഘടനാ കാര്യങ്ങളിൽ മുഴുകിയത്.

MediaOne Logo

Web Desk

  • Updated:

    2023-10-01 03:53:12.0

Published:

1 Oct 2023 3:51 AM GMT

ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറും ഉജ്വല സംഘടനാശേഷിയും ഒത്തുചേർന്ന നേതാവ്; കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
X

അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറും ഉജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത.

സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർട്ടി സംഘടനാ കാര്യങ്ങളിൽ മുഴുകിയത്. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭരണകൂട ഭീകരതയിൽ ഒരിഞ്ചു തളരാതെ എസ്‌എഫ്‌ഐയെ മുന്നോട്ടു നയിച്ചു. ജനകീയ സമരങ്ങളുടെയും സംഘാടനങ്ങളുടേയും മൂശയിൽ വാർത്തെടുക്കപ്പെട്ട ബാലകൃഷ്ണൻ വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനായ കമ്യൂണിസ്റ്റ് നേതാവായി വളരുകയായിരുന്നു.

പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മനഃശക്തിയും പ്രത്യയശാസ്ത്ര ദൃഢതയും കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. അതോടൊപ്പം മികച്ച ഭരണാധികാരിയും പാർലമെന്റേറിയനുമായി വ്യക്തിമുദ്ര പതിപ്പിച്ചു. പാർട്ടി നിരന്തര വേട്ടയ്ക്കു വിധേയമായ സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് കോടിയേരിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർടി സംഘടനാകാര്യങ്ങളിൽ മുഴുകിയത്.

പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. തലശേരി കലാപസമയത്ത് മതനിരപേക്ഷതയുടെ കാവലാളായി സമാധാനം പുനഃസ്ഥാപിക്കാൻ രംഗത്തിറങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിൽ അന്നത്തെ വിദ്യാർഥി നേതാവായ ബാലകൃഷ്ണനുമുണ്ടായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭരണകൂട ഭീകരതയിൽ ഒരിഞ്ചു തളരാതെ എസ്‌എഫ്‌ഐയെ മുന്നോട്ടു നയിച്ചു. ജനകീയ സമരങ്ങളുടെയും സംഘാടനങ്ങളുടേയും മൂശയിൽ വാർത്തെടുക്കപ്പെട്ട ബാലകൃഷ്ണൻ വളരെ പെട്ടെന്നു തന്നെ ശ്രദ്ധേയനായ കമ്മ്യൂണിസ്റ്റ് നേതാവായി വളരുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മന:ശ്ശക്തിയും പ്രത്യയശാസ്ത്ര ദൃഢതയും കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.

അതോടൊപ്പം മികച്ച ഭരണാധികാരിയും പാർലമെന്റേറിയനുമായി വ്യക്തിമുദ്ര പതിപ്പിക്കാനും കഴിഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളെ എക്കാലത്തും രാഷ്ട്രീയ കേരളമാകെ ഉറ്റുനോക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിലും ടൂറിസം വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു കഴിഞ്ഞു.

സഖാവ് കോടിയേരി നടന്നുതീർത്ത ജീവിതവഴികൾ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പാർടി കൂറിന്റെയും വലിയ മാതൃകകൾ നമുക്ക് കാണിച്ചുതരുന്നുണ്ട്. പാർടി നിരന്തരമായ വേട്ടയ്ക്കു വിധേയമായ സന്ദർഭങ്ങളിലെല്ലാം തന്നെ മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് സഖാവ്. ആ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം.



TAGS :

Next Story