മുഖ്യമന്ത്രി വി.ഡി സതീശന് കൊച്ചിയിൽ സ്വീകരണം; 'മുഖ്യമന്ത്രിയായി ഞാൻ അഭിനയിച്ചിട്ടുണ്ട്; പക്ഷേ യഥാർഥ മുഖ്യമന്ത്രിയായിരിക്കുക നല്ല പണിയാണ്': മമ്മൂട്ടി
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മുഖ്യമന്ത്രിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു

കൊച്ചി: കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് കൊച്ചിയിൽ സ്വീകരണം നൽകി. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മുഖ്യമന്ത്രിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. താൻ സിനിമകളിൽ മാത്രമാണ് മുഖ്യമന്ത്രിയായതെന്നും എന്നാൽ യഥാർഥ ജീവിതത്തിൽ ആ പദവി വഹിക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി താൻ രണ്ടു മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമകളിലെ അഭിനയം വളരെ കുറച്ചു കാലത്തേക്ക് മാത്രമുള്ളതാണെന്നും അഭിനയവും പരിചയവും കൊണ്ട് അത് കുറച്ചുകൂടി എളുപ്പമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യഥാർഥത്തിൽ ഒരു മുഖ്യമന്ത്രി ആയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതും വലിയ ഉത്തരവാദിത്തം നിറഞ്ഞതുമായ ഒരു കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു പ്രവർത്തിയാണെന്നും മമ്മൂട്ടി ഓർമിപ്പിച്ചു. എല്ലാത്തരം ജനങ്ങളെയും സന്തോഷിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഒരു മുഖ്യമന്ത്രിയുടെ കടമ. ജനങ്ങളെ കേൾക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ മന്ത്രിമാരെ നിയന്ത്രിക്കുകയും അവർക്ക് നേതൃത്വം നൽകുകയും ചെയ്യേണ്ട ചുമതലയും സംസ്ഥാനത്തിന്റെ മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം വളരെ നീതിപൂർവ്വം നിർവഹിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും കാലങ്ങളിൽ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാവിധ അനുമോദനങ്ങളും അർപ്പിച്ച മമ്മൂട്ടി, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉത്സാഹപൂർവ്വവും നീതിപൂർവ്വവും നടത്താൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Adjust Story Font
16

