Quantcast

മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ, നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരെ നുണയൻ എന്നല്ലാതെ എന്ത് വിളിക്കും: കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

രാഹുലിന്റെ പോറ്റി പാട്ടിൽ യുഡിഎഫ് കൺവീനർ അടക്കമുള്ളവരുടെ ഹൃദയം മിടിച്ചു കാണുമെന്നും പരിഹാസം

MediaOne Logo

Web Desk

  • Updated:

    2026-03-31 02:48:39.0

Published:

31 March 2026 7:47 AM IST

മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ, നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരെ നുണയൻ എന്നല്ലാതെ എന്ത് വിളിക്കും: കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തതിലാണ് വിമർശനം. മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ എന്ന് ചോദ്യം. മാതൃഭൂമി ദിനപത്രത്തിലെ ലേഖനത്തിലാണ് കടന്നാക്രമണം.

വികസനത്തിൽ സംവാദം തുടങ്ങി എന്നും പിണറായി. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള എഫ്ബി പോസ്റ്റ് ഇട്ടത് മുതൽ സംവാദം തുടങ്ങി. അതിൽ തർക്കം ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അതിനു ശേഷം സംവാദം ആകാം. രാഹുലിന്റെ പോറ്റി പാട്ടിൽ യുഡിഎഫ് കൺവീനർ അടക്കമുള്ളവരുടെ ഹൃദയം മിടിച്ചു കാണുമെന്നും പരിഹാസം. മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിക്കുന്നവരുടെ പേര് കോൺഗ്രസിനെ വിളിക്കരുതെന്ന് തനിക്ക് ആഗ്രഹമുണ്ട്. യുഡിഎഫ് വാങ്ങിയ സ്ഥലത്ത് വീട് വെക്കുന്നതിന് അനുമതിപത്രം ലഭിക്കുന്നതിന് അപേക്ഷപോലും നൽകിയിട്ടില്ല. നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരെ നുണയൻ എന്നല്ലാതെ എന്ത് വിളിക്കുമെന്നും ചോദ്യം.

'മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് പാർട്ടി പിരിച്ച പണം എത്ര?. ഏത് ബാങ്കിലാണ് ആ പണം ഉള്ളത്?. മറുപടി പറയാതിരിക്കുന്നതിലൂടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോക്കറ്റ് തപ്പി അതിൽനിന്ന് പണം തട്ടിയവരായി നിങ്ങൾ മാറുകയാണ്. മൃതദേഹത്തിൽനിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് എനിക്കുണ്ട്. കോൺഗ്രസുകാർക്ക് ആ വിളിപ്പേര് വീഴരുത് എന്ന് എനിക്കുമാത്രം ആഗ്രഹമുണ്ടായിട്ട് കാര്യമുണ്ടോ?

വീടുപണി തുടങ്ങിയെന്നും മേപ്പാടിയിൽ പോയി പരിശോധിച്ചാൽ മാധ്യമങ്ങൾക്കത് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടു. നെടുംപറമ്പ് എന്നൊക്കെ ചില നോവലുകളിൽ പറയുന്നപോലുള്ള സ്ഥലമാണത്. മേപ്പാടി പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് യുഡിഎഫാണ്. പക്ഷേ, ഇവിടെ വിടുകൾ വെക്കുന്നതിന് കേരള പഞ്ചായത്ത് ബിൽഡിങ് റൂൾസ് പ്രകാരം അനുമതിപത്രം ലഭിക്കുന്നതിന് അപേക്ഷപോലും നൽകിയിട്ടില്ല. വീടോ, കെട്ടിടമോ നിർമിക്കുന്നതിനുള്ള മുന്നുപാധി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽനിന്ന് അനുമതിപത്രം ലഭ്യമാക്കുക എന്നതാണെന്ന് അറിയാത്തവണ്ണം അജ്ഞനാണോ നമ്മുടെ പ്രതിപക്ഷ നേതാവ്? നിന്നനിൽപ്പിൽ കള്ളം പറഞ്ഞ് തടിതപ്പാൻ നോക്കുന്ന വരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് താങ്കൾക്ക് തോന്നിയത് വളരെ നല്ലകാര്യമാണ്. ഇന്നലെ രാവിലെ ഒൻപത് മണിമുതൽ ആ സംവാദം തുടങ്ങിക്കഴിഞ്ഞു. സർക്കാരിൻ്റെ പത്തുവർഷത്തെ നേട്ടങ്ങൾ ഞാനെൻ്റെ ഫെയ്‌സ്ബുക്കിത് കുറിച്ചിട്ടുണ്ട്. അതിൽ തർക്കമുണ്ടെങ്കിൽ പറയണം, വിമർശനമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. സംവാദം നമുക്ക് തുടരാം.

വൈകിയാണെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാൾ നല്ല വേദി നിയമസഭയായിരുന്നു. കേരളത്തെ ലോകോത്തരനിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞ പത്തുവർഷങ്ങളെ മുഖാമുഖം വിശദീകരിക്കാനും അതിന്മേലുള്ള വിമർശങ്ങൾ കേൾക്കാനും തെറ്റുകുറ്റങ്ങളെപ്പറ്റി ചർച്ചനടത്താനും കഴിയുമായിരുന്നു. പ്രതിപക്ഷം നഷ്ടപ്പെടുത്തിയത് ഈ അവസരമാണ്. നേർക്കുനേർ സംവാദം ഒഴിവാക്കിയ പ്രതിപക്ഷത്തിൻ്റെ ബുദ്ധിചില്ലയല്ല. പ്രൊഫഷണൽ ഏജൻസികളെ ഉപയോഗിച്ച് നാട്ടിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകൾ തത്സമയം പൊളിയുമല്ലോ.

നിയമസഭയിൽ അവിശ്വാസം കൊണ്ടുവന്നില്ല, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിലും ബജറ്റ് ചർച്ചയിലും സഭബഹിഷ്കരിച്ചു. അഞ്ചുവർഷത്തിൽ ഒരു മന്ത്രിക്കെതിരേപോലും അഴിമതിയാരോപണം ഉന്നയിച്ചില്ല. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസുകൾ ഉപയോഗപ്പെടുത്തി വിഷയാധിഷ്ഠിത ചർച്ചയ്ക്ക് സർക്കാർ തുനിഞ്ഞപ്പോൾ അതും യുഡിഎഫ് നിർത്തിക്കളഞ്ഞു! അവസാനസമ്മേളനത്തിൽ അടിയന്തരപ്രമേയത്തിനുള്ള ഒരു നോട്ടീസ് പോലും നൽകിയില്ല! ഇതേപ്പറ്റി ചോദിച്ചപ്പോൾ പ്രതിപക്ഷ ഉപനേതാവ് പറഞ്ഞത് നോട്ടീസ് നൽകി ചർച്ചചെയ്താൽ വിഷയം 'ഡൈല്യൂട്ട്' ആകും എന്നാണ്. കുറ്റംപറയാൻ പറ്റില്ല! ഉന്നയിക്കുന്ന വിഷയത്തിൽ മന്ത്രിമാരുടെ മറുപടി ഉണ്ടാകും, വിഷയം നേർത്ത് ഇല്ലാതാകും എന്നത് പ്രതിപക്ഷത്തിൻ്റെ നേരനുഭവവുമാണ്. ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം. കുറ്റംചെയ്ത ഒരാൾപോലും രക്ഷപ്പെടില്ല. അക്കാര്യങ്ങൾ ഹൈക്കോടതി ഉറപ്പുവരുത്തുന്നുണ്ട്. യുഡിഎഫിന്റെ കാര്യംപക്ഷേ, അവിടെ തീരില്ല. എസ്പിജി സുരക്ഷയുള്ള സോണിയാഗാന്ധിയുടെ വസതിയിൽ സ്വർണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റും യുഡിഎഫ് കൺവീനറും പത്തനംതിട്ട എംപിയും ഒത്തുകൂടിയത് എന്തിനാണ്? ഇവരെ ഒറ്റഫ്രെയിമിൽ കണ്ടത് സോണിയാഗാന്ധിയുടെ വീട്ടിൽമാത്രമാണ്.

പോറ്റിയെ ശബരിമലയിൽ കേറ്റിയത് നിങ്ങളുടെ ഭരണകാലത്താണ്. സോണിയയുടെ കൈയിൽ ചരട്കെട്ടിക്കൊടുക്കാനുള്ള അവസരം ഒരു ക്കിയത് യുഡിഎഫ് കൺവീനറാണ്. അത് രാഹുൽ ഗാന്ധിക്കും അറിയാമല്ലോ. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുൽഗാന്ധി പത്തനംതിട്ടയിൽ നിങ്ങളെ നോക്കി ആ പാട്ട് പാടിയിട്ടുണ്ടാവുക. പ്രതിപക്ഷനേതാവും മുന്നണി കൺവീനറും ഉൾപ്പെടെയുള്ള യുഡിഎഫുകാരുടെ ഹൃദയം അപ്പോൾ നന്നായി മിടിച്ചുകാണും' എന്നും മുഖ്യമന്ത്രി ലേഖനത്തിൽ

TAGS :

Next Story