'ഒമ്‌നി വാനിൽ തട്ടിക്കൊണ്ടുപോയി, ഗോഡൗണിൽ അടച്ചു'; ഫോർട്ട് കൊച്ചിയിൽ നിന്ന് കാണാതായ കുട്ടികളെ തമ്പാനൂരിൽ കണ്ടെത്തി
എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികളെ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കാണാതായത്

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നിന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഫുട്ബോള്‍ കളിക്കാനായി പോയപ്പോള്‍ ഒമിനി വാനിൽ തട്ടിക്കൊണ്ടുപോയി ഗോഡൗണിൽ അടച്ചെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു.അവിടുന്ന് എങ്ങനെ തിരുവനന്തപുരം എത്തി എന്നതിൽ വ്യക്തതയില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്.
കുട്ടികളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മൂന്ന് കുട്ടികളെയും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികളെ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കാണാതായത്. ഇവരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. കുട്ടികള്‍ റെയില്‍വെ സ്റ്റേഷനില്‍ കറങ്ങിനടക്കുകയായിരുന്നു. യൂട്യൂബില്‍ വാര്‍ത്ത കണ്ട ഓട്ടോഡ്രൈവര്‍ കുട്ടികളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, വീട്ടിൽ നിന്ന് 3000 രൂപയിലധികം കുട്ടികൾ എടുത്തുകൊണ്ടുപോയെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടികളുടെ കൈയില്‍ ബാഗോ പണമോ ഇല്ലെന്നും തട്ടിക്കൊണ്ടു പോയെന്ന കുട്ടികളുടെ മൊഴി വസ്തുതയില്ലെന്ന് തമ്പാനൂർ എസ്എച്ച്ഒ വി.എം ശ്രീകുമാർ പറഞ്ഞു. കുട്ടികൾ നഗരം കാണാൻ ഇറങ്ങിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

