നിസാര കാരണങ്ങൾ പറഞ്ഞ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു; രൂപതകളുടെ FCRA റദ്ദാക്കിയതിനെതിരെ സഭ കോടതിയെ സമീപിച്ചു: ഫാ. തോമസ് തറയിൽ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ FCRA (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബില്ല് രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും ലഭിക്കേണ്ട സഹായങ്ങൾ തടയുന്ന നീതിനിഷേധമാണെന്ന് കെസിബിസി വക്താവ് തോമസ് തറയിൽ

കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ FCRA (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബില്ല് രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും ലഭിക്കേണ്ട സഹായങ്ങൾ തടയുന്ന നീതിനിഷേധമാണെന്ന് കെസിബിസി വക്താവ് തോമസ് തറയിൽ. സഭയുടെ പക്കലത്തുന്ന വിദേശ സഹായങ്ങൾ രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. ഇത് തടയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ നിയമം നടപ്പിലാക്കുന്നതിന് മുൻപ് ആവശ്യമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹവുമായി ചർച്ചകൾ നടത്തിയെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ആരോടാണ് ചർച്ച നടത്തിയതെന്ന് തെളിയിക്കാൻ കേന്ദ്രമന്ത്രി തയ്യാറാകണം. പാർലമെന്റിലെ എംപിമാർക്ക് പോലും ഈ ബില്ല് പഠിക്കാനോ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കാനോ സമയം നൽകാതെ ധൃതിപിടിച്ചാണ് നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പല രൂപതകളുടെയും എഫ്സിആർഎ ലൈസൻസുകൾ യാതൊരു കാരണവുമില്ലാതെ റദ്ദാക്കിയ നടപടിക്കെതിരെ സഭ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകളെല്ലാം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വിദേശത്ത് മിനിസ്ട്രി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അധ്വാനിച്ചുണ്ടാക്കുന്ന പണം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അയക്കുന്നത് പോലും തടയുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വളരെ നിസാരമായ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്.
സഭയുടെ സാമ്പത്തിക ഇടപാടുകളെല്ലാം പൂർണമായും സുതാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രജിസ്ട്രാർ ഓഫ് സൊസൈറ്റീസ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് കൃത്യമായി കണക്കുകൾ നൽകുന്നുണ്ട്. എന്നിട്ടും സഭയെ മാത്രം ലക്ഷ്യം വെക്കുന്ന രീതിയിലുള്ള നീക്കങ്ങൾ ആശങ്കാജനകമാണ്. ഈ വിഷയത്തിലെ ആശങ്കകൾ നേരിട്ട് ബോധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് സംസാരിക്കുമെന്നും, ഈ പോരാട്ടം ക്രൈസ്തവർക്ക് വേണ്ടി മാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവൻ പാവപ്പെട്ടവർക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

