Quantcast

'‍താനാണ് ജെഡിഎസിന്റെ പുതിയ അധ്യക്ഷൻ'; സംസ്ഥാന നേതാക്കളെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർക്ക് സി.കെ നാണുവിന്റെ കത്ത്

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, തിരുവല്ല എംഎൽഎ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം.

MediaOne Logo

Web Desk

  • Updated:

    2023-12-20 16:09:29.0

Published:

20 Dec 2023 2:22 PM GMT

CK Nanu letter to LDF convener as he is the real president of jds
X

തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി മുതിർന്ന നേതാവ് സി.കെ നാണു. ദേവഗൗഡയെ പുറത്താക്കിയതിനാൽ താനാണ് പുതിയ അധ്യക്ഷനെന്നും എൻഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് അദ്ദേഹം കത്ത് നൽകി. അല്ലാത്തവർക്ക് എൽഡിഎഫിൽ സ്ഥാനം ഇല്ലെന്നും കത്തിൽ പറയുന്നു.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, തിരുവല്ല എംഎൽഎ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം. ജെഡിഎസ് എൻഡിഎയിൽ ചേർന്നപ്പോഴും അതേ പാർട്ടിയുടെ ഭാ​ഗമായി നീങ്ങുന്ന ഇരുവരും, ദേശീയനേതൃത്വത്തിന്റെ നിലപാടിനൊപ്പം ഇല്ലെന്ന് പറഞ്ഞാണ് സംസ്ഥാനത്ത് എൽഡിഎഫിൽ തുടരുന്നത്. ഇതിനോട് സി.കെ നാണു കടുത്ത എതിർപ്പാണ് അറിയിച്ചത്.

എൻഡിഎയുടെ ഭാഗമായിരിക്കുന്ന പാർട്ടി സംസ്ഥാനത്ത് എൽഡിഎഫിൽ തുടരേണ്ടതില്ലെന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിക്കണമെന്നും അല്ലെങ്കിലും മറ്റേതങ്കിലും ജനതാ പാർട്ടിയിൽ ലയിക്കണമെന്നുമായിരുന്നു സി.കെ നാണുവിന്റെ ആവശ്യം. എന്നാൽ കൂറുമാറ്റ നിരോധനനിയമം എന്ന ആശങ്കയുള്ളതിനാൽ കെ. കൃഷ്ണൻ കുട്ടിക്കും മാത്യു ടി. തോമസിനും ഈ നിലപാടിനൊപ്പം നിൽക്കാനായില്ല.

ഇതോടെയാണ് സി.കെ നാണു ബെംഗളൂരുവിൽ ദേശീയ കൗൺസിൽ യോഗം വിളിച്ച് ദേവഗൗഡയെ പുറത്താക്കിയത്. തുടർന്ന് ദേശീയ അധ്യക്ഷനായി നാണുവിനെ യോ​ഗം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഇപ്പോൾ എൽഡിഎഫ് കൺവീനർക്ക് നാണു കത്ത് നൽകിയത്.

നാണുവിന്റെ കത്ത് ഈ മാസം അവസാനം ചേരുന്ന എൽഡിഎഫ് യോഗം ചർച്ച ചെയ്യുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. നവകേരളാ സദസ് അവസാനിക്കുന്നതിന്റെ പിറ്റേദിവസമായ ഡിസംബർ 24നാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇടതുമുന്നണി യോഗം ചേരുന്നത്. നാണുവിനെ അനുനയിപ്പിക്കുക എന്നതായിരിക്കും എൽഡിഎഫ് നേതൃത്വം ചെയ്യുക. കൂടാതെ, സി.കെ നാണു എൽ.ഡി.എഫ് കൺവീനറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഈ മാസം ഒമ്പതിന് ദേവഗൗഡ വിളിച്ചു ചേർത്ത ദേശീയ നിർവാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.കെ നാണുവിനെയും കർണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് സി.എം ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു. പിന്നാലെ സി.എം ഇബ്രാഹിം അടക്കമുളള നേതാക്കൾ സമാന്തര ദേശീയ പ്ലീനറി യോഗം വിളിച്ച് സി.കെ നാണുവിനെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു.

എന്നാൽ അയോഗ്യത ഭയന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും യോഗത്തിൽ പങ്കെടുത്തില്ല. ദേവഗൗഡയെ അനുകൂലിക്കുന്ന സംസ്ഥാന ഘടകത്തിനെതിരെ നടപടി വേണമെന്നാണ് സി.കെ നാണുവിന്റെ ആവശ്യം. ഇക്കാര്യം നവ കേരള സദസിനിടെ സി.കെ നാണു മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെയാണ് കണ്ണൂരിലെത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായി നാണു കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലപാടിൽ ഉറച്ച് നിൽക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെങ്കിൽ മന്ത്രിയെ പിൻവലിക്കണം എന്നതടക്കമുളള കടുത്ത കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സി.കെ നാണു പക്ഷത്തിന്റെ നീക്കം.

TAGS :

Next Story