Quantcast

മാത്യു ടി തോമസിനെതിരേയും കെ.കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാടിനൊരുങ്ങി സി.കെ നാണു വിഭാഗം

അടുത്ത മാസം 9ന് നടക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് സി.കെ നാണു വിഭാഗം ആവശ്യപ്പെടും

MediaOne Logo

Web Desk

  • Published:

    16 Nov 2023 1:49 AM GMT

jds- k krishnankutty
X

തിരുവനന്തപുരം: എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.എസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടും പാർട്ടി വിട്ട് പുറത്ത് വരാത്ത മാത്യു ടി തോമസിനെതിരേയും കെ.കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാടിനൊരുങ്ങുകയാണ് സി.കെ നാണു വിഭാഗം.

അടുത്ത മാസം 9ന് നടക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് സി.കെ നാണു വിഭാഗം ആവശ്യപ്പെടും. സി.കെ നാണു വിഭാഗത്തിന്‍റെ നീക്കത്തെ അവഗണിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ദേശീയനേതൃത്വം എന്‍.ഡിഎയ്ക്ക് ഒപ്പം പോയപ്പോള്‍ തങ്ങള്‍ അവരുടെ നിലപാടിനൊപ്പമില്ലെന്നാണ് ജെ.ഡി.എസ് കേരള ഘടകം പറഞ്ഞത്. എന്നാല്‍ അതില്‍ സി.കെ നാണു അടക്കമുള്ളവർ തൃപ്തർ ആയിരുന്നില്ല. അതിനാലാണ് യോഗം വിളിച്ച് വ്യത്യസ്ത നിലപാട് സി.കെ നാണു അറിയിച്ചത്. അതിലാണെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും, കെ കൃഷ്ണന്‍കുട്ടിയും പങ്കെടുത്തതുമില്ല.

ഇതില്‍ സി.കെ നാണു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തങ്ങളാണെന്ന് യഥാർത്ഥ ജെ.ഡി.എസ് എന്നവകാശപ്പെട്ട് വിളിച്ച യോഗത്തില്‍ വേണമെങ്കില്‍ ചില നടപടികള്‍ സി.കെ നാണു വിഭാഗത്തിന് പ്രഖ്യാപിക്കാമായിരിന്നു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന പൊതു അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ഇതോടെയാണ് ഒമ്പതാം തീയതി വരെ സമയം നല്‍കാന്‍ സി.കെനാണു വിഭാഗം തീരുമാനിച്ചത്.

അന്നത്തെ യോഗത്തില്‍ പങ്കെടുക്കുകയോ അതിന് മുന്‍പ് എന്‍.ഡി.എയ്ക്ക് ഒപ്പം ചേർന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമില്ലെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയോ വേണമെന്നാണ് സി.കെ നാണു വിഭാഗത്തിന്റെ ആവശ്യം. ഇല്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് നീക്കം. നലിപാട് പറഞ്ഞില്ലെങ്കില്‍ എന്‍.ഡിഎയുടെ ഭാഗമായി ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പം നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തെ തുറന്ന് കാണിക്കാന്‍ കഴിയുമെന്നാണ് സി.കെ നാണു വിഭാഗം പറയുന്നത്.

എന്നാല്‍ ഇന്നലത്തെ യോഗത്തെ പോലും മാത്യു ടി തോമസ് അടക്കമുള്ളവർ ഗൗരവത്തിൽ കാണുന്നില്ല. സി.കെ നാണു വിഭാഗത്തിന്റെ നിലപാടുകളെയും പ്രസ്താവനകളേയും തള്ളിക്കളയാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.

TAGS :

Next Story