തിരുവനന്തപുരത്തും കല്യാണ ഹാളിൽ പപ്പടത്തെ ചൊല്ലി പൊരിഞ്ഞയടി
ആളുകൾ പരസ്പരം അടിക്കുകയും ചവിട്ടുകയും കസേരയുൾപ്പെടെയെടുത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം.

തിരുവനന്തപുരം: തിരുവനന്തപുരം വിവാഹ സൽക്കാര ഹാളിൽ പപ്പടത്തെ ചൊല്ലി പൊരിഞ്ഞയടി. കഴിഞ്ഞദിവസം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയിൽ നടന്ന വിവാഹ സല്‍ക്കാരത്തിലാണ് സംഭവം.
ഊട്ടുപുരയില്‍ വരന്‍റെയും വധുവിന്‍റേയും വീട്ടുകാര്‍ തമ്മിൽ പപ്പടത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയായിരുന്നു. ചെറിയ തര്‍ക്കം പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തതോടെ ഇരുകൂട്ടരും തമ്മിലുള്ള വൻ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുവിഭാഗവും തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആളുകൾ പരസ്പരം അടിക്കുകയും ചവിട്ടുകയും കസേരയുൾപ്പെടെയെടുത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം അറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവാമൂടില്‍ നിന്നും പൊലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.
അതേസമയം, സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. എന്നാൽ രാവിലെ മുതല്‍ അടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുമ്പ് കൊല്ലത്ത് വിവാഹ സൽക്കാരത്തിന് പപ്പടത്തെ ചൊല്ലി കൂട്ടയടിയുണ്ടായിരുന്നു.
Adjust Story Font
16

