Quantcast

എടപ്പാളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ സംഘർഷം; സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ തല്ലിത്തകർത്തു

മത്സരത്തിൽ നേടിയ ഗോൾ , റഫറി ഓഫ്‌ സൈഡ് വിധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്

MediaOne Logo

Web Desk

  • Published:

    24 Jan 2023 1:19 AM GMT

Sevens football
X

എടപ്പാളില്‍ സെവന്‍സ് ടൂര്‍ണമെന്‍റിനിടെ സംഘര്‍ഷം

മലപ്പുറം: മലപ്പുറം എടപ്പാളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ സംഘർഷം . താൽക്കാലിക സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ കാണികളിൽ ഒരു വിഭാഗം തല്ലിത്തകർത്തു. മത്സരത്തിൽ നേടിയ ഗോൾ , റഫറി ഓഫ്‌ സൈഡ് വിധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത് .

എടപ്പാൾ പൂക്കരത്തറ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ടൂർണമെന്‍റിന്‍റെ രണ്ടാം സെമി ഫൈനൽ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത് . സൂപ്പർ സ്റ്റുഡിയോ മലപ്പുറവും അരീക്കോട് ടൗൺ ടീമും തമ്മിലായിരുന്നു മത്സരം . മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ടൗൺ ടീം അരീക്കോട് നേടിയ ഗോൾ ആണ് സംഘർഷത്തിൽ കലാശിച്ചത് . ഈ ഗോൾ ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാൽ കാണികളിൽ ചിലർ അപ്പോൾ തന്നെ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു . കാണികളിൽ ഒരാൾ പകർത്തിയ ഗോൾ വീഡിയോ സഹിതമാണ് ഗോൾ നിഷേധിച്ചത് ചോദ്യം ചെയ്തത് .

ഗോളിനെ ചൊല്ലിയുള്ള ബഹളങ്ങൾക്കിടയിലും മത്സരം തുടർന്നു . മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ച് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു . ഇതിന് പിന്നാലെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത് . അരീക്കോട് ടീം ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി ബഹളം വെക്കുകയും . ഒരു കൂട്ടം കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർക്കുകയുമായിരുന്നു .ഇതിനിടെ മത്സരം നിയന്ത്രിച്ച റഫറിമാരെ ഒരു മണിക്കൂറോളം കാണികൾ തടഞ്ഞു വെച്ചു. സൂപ്പർസ്റ്റുഡിയോ ടീമിനെ ജയിപ്പിക്കാൻ സംഘാടകർ കൂട്ടു നിന്നെന്ന് ആരോപിച്ചാണ് ഒരു വിഭാഗം കാണികൾ അക്രമാസക്തരായത് . ഒടുവിൽ പൊലീസ് എത്തി ലാത്തി വീശി കാണികളെ ഓടിച്ചു വിട്ടാണ് ടീമംഗങ്ങളെയും റഫറിമാരെയും സുരക്ഷിതരായി ഗ്രൗണ്ടിൽ നിന്ന്‌ പുറത്തെത്തിച്ചത് .

TAGS :

Next Story