Quantcast

''ഞാന്‍ അന്ന് പറഞ്ഞു, ഇതു നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല കേട്ടോ".. മന്ത്രി മുഹമ്മദ് റിയാസിന് മുഖ്യമന്ത്രിയുടെ പിന്തുണ

'വൈദ്യുതിമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. അന്ന് എന്‍റടുത്ത് ഒരു എംഎല്‍എ കോണ്‍ട്രാക്ടറെയും കൂട്ടിവന്നു'

MediaOne Logo

Web Desk

  • Updated:

    2021-10-20 13:47:45.0

Published:

20 Oct 2021 1:44 PM GMT

ഞാന്‍ അന്ന് പറഞ്ഞു, ഇതു നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല കേട്ടോ.. മന്ത്രി മുഹമ്മദ് റിയാസിന് മുഖ്യമന്ത്രിയുടെ പിന്തുണ
X

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ കോൺട്രാക്ടര്‍മാരുമായി മന്ത്രിമാരെ കാണാന്‍ വരുന്നത് ഉചിതമല്ല. സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"ഇത്തരം ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടമല്ലിത്. നമ്മള്‍ ദുരന്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ് നല്ലത്. പിന്നീട് സാവകാശം ചര്‍ച്ച ചെയ്യാം. എന്തായാലും സിപിഎമ്മില്‍ അഭിപ്രായവ്യത്യായമില്ല. ഇപ്പഴല്ല നേരത്തെ മുതലേ ഇല്ല. 1996ല്‍ വൈദ്യുതിമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. അന്ന് എന്‍റടുത്ത് ഒരു എംഎല്‍എ കോണ്‍ട്രാക്ടറെയും കൂട്ടിവന്നു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു ഇതു നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല കേട്ടോ. പാര്‍ട്ടിയുടെ നിലപാടിന്‍റെ ഭാഗം തന്നെയാണത്" - മുഖ്യമന്ത്രി വ്യക്തമാക്കി.

കരാറുകാരുമായി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന് മുഹമ്മദ് റിയാസ് നിയമസഭയിലാണ് പറഞ്ഞത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ റിയാസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എ എന്‍ ഷംസീര്‍ എംഎല്‍എ, കെ വി സുമേഷ് എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ മന്ത്രി യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു.

താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണെന്ന് റിയാസ് പിന്നീട് പറഞ്ഞു. പറഞ്ഞതില്‍ നിന്ന് ഒരടി പോലും പിറകോട്ട് പോകില്ല. താന്‍ നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് ചില എംഎല്‍എമാര്‍ പ്രതികരിച്ചു എന്ന വാര്‍ത്ത ശരിയല്ല. ആലോചിച്ച് തന്നെയാണ് താന്‍ തീരുമാനം പറഞ്ഞത്. അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

TAGS :

Next Story