Quantcast

മുഖ്യമന്ത്രി ഭീരുവിനെപ്പോലെ ഒളിച്ചോടുന്നു; മാധ്യമങ്ങളെ കണ്ടിട്ട് ഏഴ് മാസമായി-വി.ഡി സതീശന്‍

''പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ പിന്നീടത് മാറ്റി. മലക്കംമറിയൽ വിദഗ്ധനാണ് ഗോവിന്ദൻ. പിണറായി വിജയന്റെ കുഴലൂത്തുകാരനായി മാറി അദ്ദേഹം.''

MediaOne Logo

Web Desk

  • Updated:

    2023-09-09 08:47:45.0

Published:

9 Sep 2023 7:54 AM GMT

CM Pinarayi Vijayan hiding like a coward VD Satheesan, VD Satheesan against CM Pinarayi Vijayan, VD Satheesan about Puthuppally by election results
X

പിണറായി വിജയന്‍, വി.ഡി സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളെ കണ്ടിട്ട് ഏഴു മാസമായി. കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാരല്ല. തീവ്ര വലതുപക്ഷ സർക്കാരാണ്. സി.പി.എമ്മിന്റെ തകർച്ചയുടെ തുടക്കമാണ് പുതുപ്പള്ളിയെന്നും സതീശൻ പറഞ്ഞു.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പുതുപ്പള്ളിയിലെ വിജയത്തിലൂടെ സർക്കാരിനോടുള്ള കടുത്ത എതിർപ്പ് ജനങ്ങൾ പ്രകടിപ്പിച്ചതാണ്. ഇത്ര വലിയ പരാജയമുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. സി.പി.എമ്മിന്റെ തകർച്ചയുടെ തുടക്കമാണിത്. അത്രമാത്രം ശക്തമായ എതിർപ്പ് പാർട്ടിക്കാരിൽനിന്നുൾപ്പെടെ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ പോയാൽ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന് ഭയക്കുന്നു. ആർക്കും എതിർത്തുപറയാൻ ധൈര്യമില്ല. മലക്കംമറിയൽ വിദഗ്ധനാണ് എം.വി ഗോവിന്ദൻ. അദ്ദേഹം പിണറായി വിജയന്റെ കുഴലൂത്തുകാരനായി മാറി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ ഗോവിന്ദൻ പിന്നീടത് മാറ്റി. 10 എണ്ണുന്നതിനുമുൻപേ വാക്കുമാറ്റിപ്പറയുന്ന ആളാണ് ഗോവിന്ദനെന്നും സതീശൻ ആക്ഷേപിച്ചു.

യു.ഡി.എഫിന്റെ ടീം വർക്കിന്റെ ജയമാണ് പുതുപ്പള്ളിയിൽ നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. പുതുപ്പള്ളി ഒരു തുടക്കമാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പിലും ഒന്നിച്ചുനേരിടും. വലിയ ഭൂരിപക്ഷം വലിയ ഭാരമാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാനുള്ള ചുമതലയാണു ചുമലിൽ തന്നത്. അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

''മുന്നാക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയത് അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെന്തിനാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്? മാസ്സപ്പടി വിവാദം ഉൾപ്പെടെ ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ഏഴ് മാസമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണ്. വായ തുറക്കാൻ പേടിയാണ്. ശക്തമായ സമരവുമായി മുന്നോട്ടുപോകും.''

ബി.ജെ.പി വോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം പരിഹാസത്തോടെ തള്ളിക്കളഞ്ഞു. മാരാർ ജി ഭവനിൽ ആദ്യം പോയി സുരേന്ദ്രനോട് 5,000 വോട്ട് ചോദിച്ചു. അതുകഴിഞ്ഞ് എ.കെ.ജി സെന്ററിൽ പോയി എം.വി ഗോവിന്ദനോടും 5,000 ചോദിച്ചു. അങ്ങനെയാണ് പതിനായിരം കിട്ടിയതെന്നായിരുന്നു സതീശന്റെ പരിഹാസം.

Summary: Opposition leader VD Satheesan said that it has been seven months since CM Pinarayi Vijayan met the media and he is hiding like a coward.

TAGS :

Next Story