'ഹിജാബിനെ വർഗീയധ്രുവീകരണത്തിന് ഉപയോഗിച്ചു'; കർണാടകയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
''ന്യൂനപക്ഷങ്ങൾ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നു. സംഘ്പരിവാറിന്റെ വർഗീയതയെ നേരിടാനെന്ന പേരിൽ ന്യൂനപക്ഷവർഗീയതയും വളരുന്നു.''

ബംഗളൂരു: കർണാടകയിൽ സി.പി.എം സമ്മേളനത്തിൽ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സർക്കാരിനും സംഘ്പരിവാറിനുമെതിരെ പിണറായിയുടെ കടന്നാക്രമണം. കർണാടകയിൽ വർഗീയധ്രുവീകരണം രൂക്ഷമാക്കാൻ ഹിജാബ് ഉപയോഗിക്കുകയും അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാഠപുസ്തകങ്ങളിൽനിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി വിദ്യാർത്ഥികളിൽ സംഘ്പരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സമൂഹത്തിനിടയിൽ വർഗീയമായ ഭിന്നിപ്പ്് കൂട്ടാൻ ഹിജാബ് ഉപയോഗിച്ചു. അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്തു. ഉഡുപ്പിയിലും മംഗളൂരുവിലും മുസ്‌ലിം കുട്ടികളെ സ്‌കൂളുകളിൽനിന്ന് പുറത്താക്കുന്ന സ്ഥിതിവരെയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടകയിൽ സ്‌കൂളുകളിലൂടെ വിദ്യാർത്ഥികളിൽ സംഘ്പരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. പാഠപുസ്തകങ്ങളിൽ സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ഭഗത് സിങ്ങിനെ നീക്കം ചെയ്തു. സാറാ അബൂബക്കറിന്റെ കഥയും ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങളുമെല്ലാം പുസ്തകത്തിൽനിന്ന് ഒഴിവാക്കി. ചരിത്രത്തെ ഞെരിച്ചുകൊല്ലാനും ഇളംമനസുകളെ വർഗീയവൽക്കരിക്കാനുമാണ് ശ്രമം നടക്കുന്നത്-പിണറായി വിമർശിച്ചു.
ന്യൂനപക്ഷങ്ങൾ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. മുസ്‌ലിം സമൂഹത്തെക്കുറിച്ച് ഭീതിപരത്താൻ പുതിയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തുന്നു. വർഗീയത രാജ്യത്തിന്റെ ആദർശമായി വളർത്തിക്കൊണ്ടുവരുന്നുണ്ട്. സംഘ്പരിവാറിന്റെ വർഗീയതയെ നേരിടാനെന്ന പേരിൽ ന്യൂനപക്ഷവർഗീയതയും വളരുന്നുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുംവഹിക്കാത്തവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. ദേശീയതയുടെ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഒരുങ്ങുന്നവർ സ്വാതന്ത്യസമരത്തിൽ ഒരു പങ്കുംവഹിച്ചിട്ടില്ല. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിനൽകയിവരാണവർ. മതനിരപേക്ഷതയ്ക്കുവേണ്ടി പോരാടിയവരുടെ സ്മരണകൾ പോലും ഇപ്പോഴില്ല. എതിർസ്വരങ്ങൾ ഉയർത്തുന്നവരെ ഇല്ലാതാക്കുകയാണ്. എന്തു ചിന്തിക്കണം, എന്തിനെ ആരാധിക്കണമെന്ന് പറയാൻ ഭരണകർത്താക്കൾക്ക് എന്ത് അവകാശമാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
യോഗത്തിൽ കോൺഗ്രസിനെയും കടന്നാക്രമിച്ച മുഖ്യമന്ത്രി ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തെ നേരിടാനുള്ള ശക്തി കോൺഗ്രസിനില്ലെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് മാറി എന്നും കോൺഗ്രസും ബിജെപിയും ഭായി-ഭായി എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Summary: ''Hijab used for communal polarization, attempt to impose Sangh Parivar agenda on students'', CM Pinarayi Vijayan hits out at BJP in Karnataka CPM conference
Adjust Story Font
16

