Quantcast

എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന കാര്യം തനിക്കറിയില്ല, അത്തരം പ്രസ്താവനകള്‍ എവിടെയും കണ്ടില്ല: മുഖ്യമന്ത്രി

ബിജെപിയെ നേരിടാൻ ശക്തമായ കൂട്ടായ്മകൾ രൂപീകരിക്കേണ്ടുന്നതിന് പകരം രംഗം കലുഷിതമാക്കുകയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി വിമർശിച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-26 06:58:27.0

Published:

26 March 2026 12:18 PM IST

എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന കാര്യം തനിക്കറിയില്ല, അത്തരം പ്രസ്താവനകള്‍ എവിടെയും കണ്ടില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണക്കുമോയെന്ന കാര്യം തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു പ്രസ്താവന താനെവിടെയും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന കെ.എന്‍.എ ഖാദറിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. എന്തെല്ലാം പ്രാന്താണ് കെ.എന്‍.എ ഖാദര്‍ പറയുന്നതെന്നും അദ്ദേഹത്തെ ഇടനിലക്കാരനാക്കിയാണോ താന്‍ ചര്‍ച്ച നടത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

'കഴിഞ്ഞുപോയ പത്ത് വര്‍ഷങ്ങളെന്ന് പറയുന്നത് വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, മറിച്ച് വികസനങ്ങളുടെ കാലഘട്ടമായിരുന്നു. മാറിമാറിയുള്ള ഭരണം സംസ്ഥാനത്തിന്റെ പുരോഗതിയുടെ താളം തെറ്റിച്ചു. തുടര്‍ ഭരണമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തുടര്‍ച്ചയുടെ വികസനഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. കേരളത്തിന്റെ ആഗോള സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്'. മുഖ്യമന്ത്രി പറഞ്ഞു.

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് കൈപ്പിഴയായി കാണാനാകില്ല. തെറ്റായ നടപടിയാണ് ഉണ്ടായത്. അന്വേഷണ പുരോഗതി നാടാകെ അറിയേണ്ടതുണ്ട്. ഇതില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. ഇത്തരം നടപടികളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിനില്‍ക്കേണ്ടതുണ്ട്. താന്‍ അല്ല ഇപ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരിക്കും വിമര്‍ശിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടാവുക.' മുഖ്യമന്ത്രി വ്യക്തമാക്കി.

യു.പ്രതിഭക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിക്കുകയുണ്ടായി. പൊതുരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ അപമാനിക്കുന്നത് ശരിയല്ലെന്നും ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് മനോവൈകൃതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'തൃശൂരിലും നേമത്തും ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ടാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ കാണാനില്ലെന്ന് അവിടെ പരിശോധിച്ചുനോക്കിയാല്‍ കാണാം. അവിടെ ഡീല്‍ ഞങ്ങള്‍ പൊളിച്ചില്ലേ. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി അവിശുദ്ധ ഡീലുണ്ടാക്കുകയെന്നത് കോണ്‍ഗ്രസിന്റെ ശീലമാണ്. എക്കാലത്തും അതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. എല്‍ഡിഎഫിനെ തകര്‍ക്കാനായി കോണ്‍ഗ്രസും ബിജെപിയും എല്ലാ കാലത്തും ഒരുമിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവാണ്. പറഞ്ഞിട്ടെന്താ കാര്യം, പ്രാദേശിക നേതാവിന്റെ നിലവാരം പോലും രാഹുലിനില്ല. കണ്ടാലും കൊണ്ടാലും നന്നാവില്ല. ഇത്രമാത്രം അധപതനം കോണ്‍ഗ്രസിന്റെ ഏതെങ്കിലും നേതാവിനുണ്ടാകുമോ? രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം'.

'ബിജെപി അധികാരത്തില്‍ വരുന്ന സമീപനമല്ലേ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിജെപിയെ നേരിടാന്‍ കൂട്ടായ്മ ഉണ്ടാക്കേണ്ടതുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമല്ലേ ഹരിയാനയില്‍ ഉണ്ടായത്. യോജിക്കേണ്ട ശക്തികള്‍ യോജിക്കേണ്ടതിന് പകരം രംഗം കലുഷിതമാക്കുകയാണ് കോണ്‍ഗ്രസ്'. മുഖ്യമന്ത്രി വാദം ആവര്‍ത്തിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് അത്തരമൊരു കാര്യം തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'എല്‍ഡിഎഫിനെ അവര്‍ പിന്തുണയ്ക്കുമോയെന്ന കാര്യം തനിക്കറിയില്ല. അത്തമൊരു പ്രസ്താവന എവിടെയും കണ്ടിട്ടില്ല. ബാക്കി കാര്യങ്ങളെല്ലാം പിന്നീട് പറയാം'. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story