ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: കലക്ടർ ധനസഹായം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്;ലഭിക്കുക ചെറിയ തുക മാത്രം
ഈ മാസം 19 നാണ് ധനസഹായം ആവശ്യപ്പെട്ട് റവന്യൂ സെക്രട്ടറിക്ക് കത്തയച്ചത്

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പാലക്കാട്ടെ ഒമ്പതു വയസുകാരിക്ക് ജില്ലാ കലക്ടർ ധനസഹായം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്. ഈ മാസം 19 നാണ് ധനസഹായം ആവശ്യപ്പെട്ട് റവന്യൂ സെക്രട്ടറിക്ക് കത്തയച്ചത്. എന്നാൽ ഇതുവരെ തുക അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെറിയ തുക മാത്രമേ ധനസഹായമായി ലഭിക്കൂ. പരമാവധി ഒരു ലക്ഷം രൂപമാത്രമേ ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടൂ. സര്‍ക്കാറിലേക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് കത്തയച്ചാല്‍ മാത്രമേ വലിയൊരു തുക കുട്ടിയുടെ കുടുംബത്തിന് ലഭിക്കൂ എന്നാണ് ഉയരുന്ന ആവശ്യം.
ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന് മാതാവ് പ്രസീത ഇന്ന് മീഡിയവണിനോട് പറഞ്ഞിരുന്നു. ഭക്ഷണത്തിനുൾപ്പെടെ പണമില്ലെന്നും വീടിൻ്റെ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ലെന്നും പ്രസീത പറഞ്ഞു.
'ഐസിയുവിലാണ് മകളിപ്പോള്‍.കൈ കിട്ടുമോ എന്നാണ് അവള്‍ ചോദിക്കുന്നു.എന്‍റെ കൈ പോയില്ലേ എന്ന് പറഞ്ഞ് കരച്ചിലാണ്.നഴ്സുമാരെ പോലും അടുപ്പിക്കുന്നില്ല.ഡോക്ടര്‍മാര്‍ എന്നെ തൊടേണ്ട എന്നൊക്കെയാണ് കുട്ടി പറയുന്നത്. മരുന്ന് മാത്രമാണ് ഫ്രീയായി കിട്ടുന്നത്.രാവിലെയും വൈകിട്ടുമെല്ലാം ഭക്ഷണം വാങ്ങുന്നത്. 32 ദിവസമായി ഭര്‍ത്താവ് ജോലിക്ക് പോയിട്ട്.ചെറിയ രണ്ടുകുട്ടികള്‍ വീട്ടിലാണ്. വീട്ടുവാടക,ഓട്ടോകൂലി,കറന്‍റ് ബില്ല് ഇതെല്ലാം കൊടുക്കണം..' അമ്മ പ്രസീത പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് കുട്ടിയെ കൈ മുറിച്ച് മാറ്റിയത്. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. സംഭവത്തില്‍ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
Adjust Story Font
16

