രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍
രാഹുലിനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രാഹുലിനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
നേരത്തെ, യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് രാഹുല്‍ സമ്മതിച്ചിരുന്നു. ഭര്‍ത്താവുമായി ബന്ധം അവസാനിപ്പിച്ച ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് അതിജീവിത പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. കസ്റ്റഡിയിലെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഓഡിയോ മനഃപൂര്‍വം റെക്കോര്‍ഡ് ചെയ്തത് യുവതി കുടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. വിവാഹിതയായ യുവതി അതു മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കിയത് എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ അനുകൂലികളുടെ പ്രചരണം. എന്നാല്‍ ഇത് തെറ്റാണെന്നാണ് യുവതിയുടെമൊഴി. വിവാഹിതയാണെന്ന് വിവരം രാഹുലിനോട് പങ്കുവെച്ചിരുന്നുവെന്നാണ് യുവതി അന്വേഷണസംഘത്തോടെ പറഞ്ഞത്.
കേസില്‍ അറസ്റ്റിന് തടസ്സമില്ലെന്ന നിയമപദേശം ലഭിച്ചതിന് പിന്നാലെ രാഹുലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. കേരളം വിട്ടാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലാണ് നാട്ടില്‍ തന്നെ ഒളിവില്‍ കഴിയാനുള്ള രാഹുലിന്റെ തീരുമാനം. രാഹുലിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്. രാഹുലിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഫസലും ഡ്രൈവറും ഓഫീസില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

