കുട്ടികൾ മദ്യപിച്ച് കരോൾ നടത്തിയെന്ന പരാമർശം; ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരെ പരാതി നൽകുമെന്ന് രക്ഷിതാക്കൾ
കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച ബിജെപി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം

പാലക്കാട്: കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച ബിജെപി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം. മദ്യപിച്ചാണ് കരോൾ നടത്തിയതെന്ന സി. കൃഷ്ണകുമാറിൻ്റെ പ്രസ്താവനക്കെതിരെ പരാതി നൽകുമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചു. ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ കോൺഗ്രസും ഡിവൈഎഫ്ഐയും രംഗത്തെത്തി.
പുതുശ്ശേരി കാളണ്ടിത്തറയിൽ വെച്ച് കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകനായ അശ്വിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് നടത്തിയ ഈ ആക്രമണത്തെ ന്യായീകരിക്കനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കൃഷ്ണകുമാറും ഷോൺ ജോർജും കരോൾ നടത്തിയ കുട്ടികളെ അധിക്ഷേപിച്ചു.
കുട്ടികൾ മദ്യപിച്ചാണ് കരോളിൽ പങ്കെടുത്തത് എന്ന സി. കൃഷ്ണകുമാറിൻ്റെ പ്രസ്താവന കുട്ടികൾക്ക് മാനസികമായി പ്രയാസം നേരിട്ടതായും സ്കൂളിൽ പോലും പോകാൻ കുട്ടികൾ പ്രയാസം നേരിടുന്നതായും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികൾ മദ്യപിച്ചാണ് കരോളിൽ പങ്കെടുത്തത് എന്ന കൃഷ്ണകുമാറിൻ്റെ പ്രസ്താവനക്കെതിരെ പരാതി നൽകാനും രക്ഷിതാക്കൾ ആലോചിക്കുന്നുണ്ട്.
തങ്ങളുടെ പ്രദേശത്തേക്ക് ക്രിസ്മസ് കരോൾ വരരുതെന്ന് പറഞ്ഞാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്നും കുട്ടികൾ പറയുന്നു. സി. കൃഷ്ണകുമാറിൻ്റെ പ്രസ്താവനക്കെതിരെ സ്ഥലം എംഎൽഎ എ.പ്രഭാകരനും രംഗത്തെത്തി.
2500 സ്ഥലങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ സംഘടിപ്പിക്കും. വർഗീയ സംഘർഷം ഉണ്ടാക്കനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ പ്രസ്താവനയിറക്കി. ക്രിസ്ത്യൻ വിഭാഗത്തിൻ്റെ വോട്ട് ലഭിക്കാത്തതിലുള്ള പ്രതികാരമാണ് ചെയ്യുന്നതെന്നും എ.തങ്കപ്പൻ പറഞ്ഞു. കരോൾ സംഘത്തെ ആക്രമിച്ച രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
Adjust Story Font
16

